പി വി സത്യനാഥന്റെ കൊലപാതകം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് പൊലീസ്

ഇന്നലെ രാത്രി 10 മണിയോടെ ചെറിയപ്പുറം പരദേവതാ ക്ഷേത്ര മുറ്റത്തായിരുന്നു കേട്ടുകേള്‍വിയില്ലാത്ത വിധമുള്ള അരുംകൊല അരങ്ങേറിയത്.

Feb 23, 2024 - 20:23
 0  7
പി വി സത്യനാഥന്റെ കൊലപാതകം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് പൊലീസ്
പി വി സത്യനാഥന്റെ കൊലപാതകം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി സിപിഎം ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് തെളിവ് എടുപ്പിന് സാധ്യത ഇല്ലെന്നും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വിശദമാക്കി. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധം എന്ത് എന്നതില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആയുധം ഏതാണെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി 10 മണിയോടെ ചെറിയപ്പുറം പരദേവതാ ക്ഷേത്ര മുറ്റത്തായിരുന്നു കേട്ടുകേള്‍വിയില്ലാത്ത വിധമുള്ള അരുംകൊല അരങ്ങേറിയത്. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. ഉത്സവത്തിനെത്തിയ ഭക്തജനങ്ങളും ഗാനമേള കേള്‍ക്കാന്‍ എത്തിയ നാട്ടുകാരും അടക്കം നൂറുകണക്കിന് ആളുകള്‍ ക്ഷേത്ര പരിസരത്ത് തിങ്ങിനിറഞ്ഞു നില്‍ക്കവെയായിരുന്നു ക്ഷേത്ര ഓഫീസിന് മുന്നില്‍ സിസിടിവി ക്യാമറകള്‍ക്ക് തൊട്ടു താഴെ വച്ചുള്ള കൊലപാതകം. അയല്‍വാസിയും സത്യനാഥനൊപ്പം സിപിഎം ബ്രാഞ്ച് കമ്മിറ്റിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുമുള്ള അഭിലാഷാണ് ആക്രമണം നടത്തിയത്.

സത്യനാഥനെ ഉടനടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിലും നെഞ്ചിലും ഏറ്റ ആഴത്തിലുള്ള ആറ് മുറിവുകളാണ് മരണകാരണമായതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എന്തെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവറായ അഭിലാഷ് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന സൂചനയുമുണ്ട്. സംഭവ ശേഷം ക്ഷേത്ര പരിസരത്തുനിന്ന് രക്ഷപ്പെട്ട അഭിലാഷ് വൈകാതെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

സത്യനാഥന്റെ കൊലപാതകത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ലഹരി മരുന്ന് ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചതിലുള്ള വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നും പാര്‍ട്ടി കരുതുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം കൊയിലാണ്ടി താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow