പിതാവിനെ വിഷം കൊടുത്ത് കൊന്നു, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നേപ്പാളിൽ മരിച്ചനിലയിൽ
എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകനാണ് മയൂർനാഥ്. ഒരു വർഷം മുൻപാണ് ഇയാൾ അച്ഛന് ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്.
തൃശൂർ മുളങ്കുന്നത്തുകാവ് അവണൂരിൽ പിതാവിന് ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. ആയുർവേദ ഡോക്ടറായ മയൂർനാഥ് (26) ആണ് മരിച്ചത്. കേസിൽ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ നേപ്പാളിൽ(Nepal) വെച്ചാണ് മരിച്ചത്. അപസ്മാര രോഗിയായിരുന്ന ഇയാൾ നേപ്പാളിൽ താമസിച്ചിരുന്ന സ്ഥലത്തെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചതായാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.
എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകനാണ് മയൂർനാഥ്. ഒരു വർഷം മുൻപാണ് ഇയാൾ അച്ഛന് ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. തുടർന്ന് ജാമ്യത്തിലിറങ്ങി. പിന്നാലെ ഇയാളെ ചികിത്സയ്ക്കായി ബന്ധുക്കൾ മലപ്പുറം ജില്ലയിൽ ഒരു സ്വകാര്യ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇവിടെ നിന്ന് ഒരാഴ്ച മുൻപ് ആരോടും പറയാതെ രക്ഷപ്പെടുകയായിരുന്നു. ഇയാൾ പിന്നീട് നേപ്പാളിലെത്തിയെന്നാണ് വിവരം.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ യുവാവിന്റെ ബാഗിൽ നടത്തിയ പരിശോധനയിലാണ് ഫോൺ നമ്പർ കണ്ടെത്തിയത്. വിവരം ലഭിച്ച ബന്ധുക്കൾ നേപ്പാളിലെത്തിയ ശേഷം മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം അവിടെ തന്നെ സംസ്കരിച്ചു.
What's Your Reaction?