മുഖ്യമന്ത്രി വയനാട് സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലെ സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്
വയനാട്ടിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട് സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലെ സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്. വനംമന്ത്രി രാജിവയ്ക്കണമെനന്നും വനംമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കില്ലെന്നും അറിയിച്ച് യോഗം നടക്കുന്ന ഹാളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് യോഗം നടക്കുന്ന സ്ഥലത്ത് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
വയനാട്ടിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ല നേരിടുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സര്‍വ്വ കക്ഷിയോഗം വിളിച്ചത്. മന്ത്രിമാരായ എംബി രാജേഷ്, കെരാജന്‍, എകെ ശശീന്ദ്രന്‍ എന്നിവരാണ് ജില്ലയില്‍ എത്തിയത്.
ഒറ്റക്ക് വരാന്‍ പറ്റാത്തത് കൊണ്ടല്ലേ വനംമന്ത്രി മറ്റു രണ്ടു മന്ത്രിമാരെ കൂട്ടി വന്നതെന്ന് ടി സിദ്ദീഖ് എംഎല്‍എ പറഞ്ഞു. സര്‍വകക്ഷി യോഗം ബഹിഷ്‌കരിക്കുകയാണെന്നും സിദ്ദീഖ് അറിയിച്ചു. അതേസമയം, മന്ത്രിസംഘം വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരെ കാണുമോ എന്നതില്‍ വ്യക്തതയില്ല. കാട്ടാനക്കലിയില്‍ തുടര്‍ മരണങ്ങള്‍ ഉണ്ടായതോടെ, യുഡിഎഫ് പ്രഖ്യാപിച്ച രാപ്പകല്‍ സമരവും ഇന്ന് നടക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാന യാക്രമണത്തില്‍ മരിച്ചവരുടെ വീടുകളില്‍ എത്തും. മന്ത്രിമാര്‍ക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
What's Your Reaction?