ഷെമീറയുടെ മരണം; നയാസിനെതിരെ നരഹത്യാകുറ്റം ചുമത്താൻ പോലീസ്
ഷെമീറയ്ക്ക് ആധുനിക ചികിത്സ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകരും അയല്‍വാസികളും മറ്റും നയാസിനോട് പറഞ്ഞിരുന്നു.
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവിക്കുന്നതിനിടെ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസ്. നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും. മരിച്ച പാലക്കാട് സ്വദേശിനി ഷെമീറ ബീവിയ്ക്ക് നയാസ് ചികിത്സ നിഷേധിച്ചതായി പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് നടപടി.
നിലവില്‍ നയാസ് പോലീസ് കസ്റ്റഡിയിലാണ്. ഇയാളില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്. ഷെമീറയ്ക്ക് ആധുനിക ചികിത്സ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകരും അയല്‍വാസികളും മറ്റും നയാസിനോട് പറഞ്ഞിരുന്നു. എന്നാല്‍ നയാസ് യുവതിയ്ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. ഗര്‍ഭിണിയായിരിക്കെ അക്യുപംഗ്ചര്‍ ചികിത്സയാണ് നല്‍കിയിരുന്നത്.
സംഭവം വലിയ വാര്‍ത്തയായതിന് പിന്നാലെ ഷെമീറയോട് കാണിച്ചത് ക്രൂരതയാണെന്ന് അഭിപ്രായപ്പെട്ട് ആരോഗ്യമന്ത്രി രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നരഹത്യാകുറ്റം ചുമത്താന്‍ തീരുമാനിച്ചത്.
ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബാണ് യുവതിയെ ചികിത്സിച്ചത്. ഇയാള്‍ വ്യാജനാണെന്നാണ് വിവരം. ശിഹാബിനെ പ്രതിയാക്കണമോ എന്ന കാര്യം അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു.
What's Your Reaction?