കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറി; മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ പോലീസ് കേസ്
സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു ആര്യാ രാജേന്ദ്രനും സംഘവും. ഭർത്താവ് സച്ചിൻ ദേവ് എം എൽ എയും ഒപ്പമുണ്ടായിരുന്നു.
തിരുവനന്തപുരം: കെഎസ്‌ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ എൽ എച്ച് യദുവിനെതിരെ പൊലീസ് കേസ്. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി മേയറും കെഎസ്‌ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കുതർക്കമുണ്ടായിരുന്നു. തിരുവനന്തപുരം പാളയത്തുവച്ച് ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു ആര്യാ രാജേന്ദ്രനും സംഘവും. ഭർത്താവ് സച്ചിൻ ദേവ് എം എൽ എയും ഒപ്പമുണ്ടായിരുന്നു. പട്ടം മുതൽ ഇവരുടെ കാർ ബസിന് പുറകെ ഉണ്ടായിരുന്നു. കെഎസ്‌ആർടിസി ബസ് ഇവർക്ക് സൈഡ് നൽകിയില്ലെന്നും ഇടതുവശത്തുകൂടി ഓവർ ടേക്ക് ചെയ്തുവെന്നും ആരോപിച്ചാണ് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായത്. പാളയത്തുവച്ച് കാർ ഓവർടേക്ക് ചെയ്ത് ബസിന് മുന്നിൽനിർത്തിയാണ് വാക്‌പോരുണ്ടായത്. ഡ്രൈവർ മോശമായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് മേയർ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്.
പരാതിയിൽ ഇന്നലെതന്നെ യദുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതേസമയം, വാഹനം തടഞ്ഞത് മേയർ ആണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് യദു പൊലീസിന് മൊഴി നൽകിയത്. മേയർ തന്നോട് മോശമായി പെരുമാറിയെന്നും വാഹനം കുറുകെയിട്ട് സർവീസിന് മുടക്കം വരുത്തിയെന്നും കാട്ടി ഡ്രൈവറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതി പരിശോധിച്ചതിനുശേഷമായിരിക്കും നടപടിയെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?