സന്ദേശ്ഖാലി വിഷയം; മമത ബാനർജിക്ക് എന്തോ മറച്ചുപിടിക്കാനുണ്ട്, രാഹുൽ മൗനം പുലർത്തുന്നതെന്തിന്: ബിജെപി
സന്ദേശ്ഖാലി സംഭവം ഗൗരവമുള്ളതാണ്.സ്ത്രീകളോട് നടന്ന നഗ്നമായ ആക്രമണവും അപമാനകരമായ പെരുമാറ്റവും ലൈംഗികാതിക്രമവും നമ്മുടെ സമൂഹത്തിനും ജനാധിപത്യത്തിനും നാണക്കേടാണ്
കൊൽക്കത്ത: സന്ദേശ്ഖാലി ലൈംഗീകാതിക്രമ കേസില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എന്തോ മറച്ച് പിടിക്കാനുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്ത്. മമത ബാനര്‍ജി ബംഗാളിലെ സ്ത്രീകളുടെ മാന്യതയെ അവഗണിച്ചു കൊണ്ട് രാഷ്ട്രീയ പ്രശസ്തിയെ സംരക്ഷിക്കുകയാണെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവ് രവി ശങ്കര്‍ പ്രസാദ് ആരോപിച്ചു. സന്ദേശ്ഖാലി വിഷയത്തില്‍ രാഹുല്‍ ഗാന്ധി പുലര്‍ത്തുന്ന മൗനത്തെയും രവി ശങ്കര്‍ പ്രസാദ് ചോദ്യം ചെയ്തു.
സിപിഐഎമ്മും കോണ്‍ഗ്രസും വിഷയത്തില്‍ മൗനം പുലര്‍ത്തുന്നത് എന്തുകൊണ്ടാണെന്നും രവി ശങ്കര്‍ പ്രസാദ് ചോദിച്ചു. 'സിപിഐഎമ്മിന്റെ ഒരു വനിതാ നേതാവ് അവിടം സന്ദര്‍ശിച്ചുവെന്ന് കേട്ടിരുന്നു. എന്നാല്‍ സിപിഐഎം എന്തുകൊണ്ടാണ് അവിടെ നടന്ന സംഭവത്തെ എതിര്‍ക്കാതിരുന്നത്. എന്തുകൊണ്ടാണ് പരസ്യമായി പ്രതികരിക്കാതിരുന്നത്. രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് നിശബ്ദനായിരിക്കുന്ന'തെന്നും രവി ശങ്കര്‍ പ്രസാദ് ചോദിച്ചു.
'സന്ദേശ്ഖാലി സംഭവം ഗൗരവമുള്ളതാണ്.സ്ത്രീകളോട് നടന്ന നഗ്നമായ ആക്രമണവും അപമാനകരമായ പെരുമാറ്റവും ലൈംഗികാതിക്രമവും നമ്മുടെ സമൂഹത്തിനും ജനാധിപത്യത്തിനും നാണക്കേടാണ്. മമത ബാനര്‍ജി ഇപ്പോഴും അതിനെ പ്രതിരോധിക്കുന്നു. എന്തിന്? ഒരു മാധ്യമപ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തു. മമത ബാനര്‍ജി എന്താണ് മറയ്ക്കാന്‍ ആഗ്രഹിക്കുന്നത്, എന്തുകൊണ്ട്? തന്റെ രാഷ്ട്രീയ പ്രശസ്തി സംരക്ഷിക്കാന്‍ ഒരു വനിതാ മുഖ്യമന്ത്രി സ്ത്രീകളുടെ മാനം പണയപ്പെടുത്തുന്നു. എന്തുകൊണ്ടാണ് മമതയുടെ മനസ്സാക്ഷി മരിച്ചതെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.
നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിഷയത്തില്‍ മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സന്ദേശ്ഖാലി സന്ദര്‍ശിക്കാന്‍ എത്തിയെങ്കിലും പൊലീസ് അനുമതി നല്‍കാത്തതും നേരത്തെ വിവാദമായിരുന്നു. സന്ദേശ് ഖാലിയിലേക്ക് പോകും വഴി ധമഖലി ഫെറി ഖട്ടില്‍ വച്ചാണ് ബൃന്ദ കാരാട്ടിനെ പൊലീസ് തടഞ്ഞത്. സന്ദേശ് ഖാലിയില്‍ താനെത്തിയാല്‍ അവിടെ സമാധാനം തകരാന്‍ ഇടയാകുമെന്ന് ഒരു ഉദ്യോ?ഗസ്ഥന്‍ തന്നോട് പറഞ്ഞതായി ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു.
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നിരവധി സ്ത്രീകളാണ് തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖിനെതിരെ ഭൂമികയ്യേറ്റത്തിൻ്റെയും ലൈംഗീകാതിക്രമത്തിൻ്റെയും പേരിൽ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂല്‍ നേതാക്കളെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ആരോപണ വിധേയനായ തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. റേഷന്‍ കുംഭകോണ കേസില്‍ ഇഡി അന്വേഷിക്കുന്ന ഷാജഹാന്‍ ഒളിവിലാണ്. സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡിഐജി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ 10 അംഗ സംഘത്തെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.
What's Your Reaction?