കേന്ദ്ര സർക്കാരിനെതിരെ വിമർശനം; കെ സുരേന്ദ്രന്റെ പദയാത്രയുടെ പ്രചാരണഗാനം പിൻവലിച്ചു

സംഭവം പുറത്ത് വന്നതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. വീഡിയോ തയ്യാറാക്കിയ ഐടി സെല്ലിനെതിരെ പദയാത്ര അവലോകനയോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തു

Feb 21, 2024 - 20:37
 0  7
കേന്ദ്ര സർക്കാരിനെതിരെ വിമർശനം; കെ സുരേന്ദ്രന്റെ പദയാത്രയുടെ പ്രചാരണഗാനം പിൻവലിച്ചു
കേന്ദ്ര സർക്കാരിനെതിരെ വിമർശനം; കെ സുരേന്ദ്രന്റെ പദയാത്രയുടെ പ്രചാരണഗാനം പിൻവലിച്ചു

തിരുവനന്തപുരം: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിലെ പ്രചാരണ​ഗാനം പിൻവലിച്ചു. ഗാനത്തിൽ കേന്ദ്ര വിമർശനം കടന്നുകൂടിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് ബിജെപി പ്രചാരണ​ഗാനം പിൻവലിച്ചത്. 'അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ' എന്നാണ് വീഡിയോ ഗാനത്തിലെ വരിയിലുള്ളത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കിലൂടെ വീഡിയോ ഗാനം പുറത്ത് വിട്ടിരുന്നു.

സംഭവം പുറത്ത് വന്നതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. വീഡിയോ തയ്യാറാക്കിയ ഐടി സെല്ലിനെതിരെ പദയാത്ര അവലോകനയോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തു. പദയാത്രയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പരിപാടിയുടെ പോസ്റ്റര്‍ വിവാദത്തിനൊപ്പമാണ് പാട്ട് വിവാദവും ഉയര്‍ന്നു വന്നത്.

എസ്‌സി, എസ് ടി നേതാക്കളോടൊന്നിച്ച് ഉച്ചഭക്ഷണം എന്ന് കാര്യപരിപാടിയുടെ ഭാഗമായി പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കനക്കുന്നതിനിടെയാണ് പ്രചാരണ ഗാനവും വിവാദത്തിലായത്. എസ് സി , എസ് ടി നേതാക്കളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന് പോസ്റ്ററില്‍ പ്രത്യേകം എഴുതിയത് ജാതിബോധത്തിന്റെ ഭാഗമായ ചിന്തയാണെന്ന നിലയിലാണ് വിമര്‍ശനം ഉയരുന്നുണ്ട്.

കേരള പദയാത്രയുടെ ഭാഗമായി ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ സ്നേഹ സംഗമവും അതിനെ തുടര്‍ന്ന് 1 മണിക്ക് എസ് സി എസ് ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണവും എന്നാണ് പോസ്റ്ററില്‍ സൂചിപ്പിച്ചിരിക്കുന്ന കാര്യപരിപാടിയില്‍ ഉള്ളത്. ബിജെപി കേരള, ബിജെപി കോഴിക്കോട് എന്നീ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കേരള പദയാത്രയുടെ കാര്യപരിപാടികള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റ് പങ്കുവെച്ചിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow