ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ സർവീസ്; ചർച്ച വിജയമെന്ന് വി എൻ വാസവൻ
ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ എക്കാലത്തെയും പ്രധാന ആവശ്യമാണ് സീസൺ കാലത്തെ ഗൾഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ വിമാനയാത്രക്ക് ബദൽ സംവിധാനം ഒരുക്കുക എന്നുള്ളത്.
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച വിജയമെന്ന് വി എൻ വാസവൻ. താൽപര്യപത്രം സമർപ്പിച്ച കമ്പനി പ്രതിനിധികളുമായി മാരിടൈം ബോർഡ് അധികൃതരാണ് ചർച്ച നടത്തിയത്. കേരളത്തിനും ഗൾഫിനുമിടയിൽ കുറഞ്ഞ ചെലവിൽ കപ്പൽ സർവീസ് ഉടൻ തന്നെ യാഥാർത്ഥ്യമാകുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ എക്കാലത്തെയും പ്രധാന ആവശ്യമാണ് സീസൺ കാലത്തെ ഗൾഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ വിമാനയാത്രക്ക് ബദൽ സംവിധാനം ഒരുക്കുക എന്നുള്ളത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഒരു കപ്പൽ സർവീസ് ആരംഭിക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ ഉണ്ടായിരുന്നു. ഇതിനായി സർക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മാർച്ച് 27ന് കൊച്ചിയിൽ വെച്ച് ഷിപ്പിംഗ് മേഖലയിലെ വിവിധ കമ്പനികളും കൊച്ചിൻ പോർട്ട് അതോറിറ്റി, കൊച്ചിൻ ഷിപ്പ്യാർഡ്, ടൂറിസം വകുപ്പ്, നോർക്ക ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു. കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു 4 കമ്പനികളാണ് താത്പര്യപത്രം സമർപ്പിച്ചിട്ടുള്ളത്. കേരളത്തിനും ഗൾഫിനുമിടയിൽ കപ്പൽ സർവീസ് കുറഞ്ഞ ചെലവിൽ ഉടൻ തന്നെ യാഥാർത്ഥ്യമാകുന്ന പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്.
What's Your Reaction?