ലോക്സഭയിലേക്ക് മത്സരിക്കാൻ വീരപ്പന്‍റെ മകളും; കൃഷ്ണഗിരിയിൽ സ്ഥാനാര്‍ത്ഥി
2020 ഫെബ്രുവരിയിലാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ സന്ദനക്കാട് വെച്ച് വിദ്യാ റാണി ബിജെപിയില്‍ ചേര്‍ന്നത്.
ചെന്നൈ: വനംകൊള്ളക്കാരനായിരുന്ന വീരപ്പന്‍റെ മകള്‍ ലോക്സഭയിലേക്ക് മത്സരിക്കും. വീരപ്പൻ-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളും അഭിഭാഷകയുമായ വിദ്യാ റാണിയാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുന്നത്. അടുത്തിടെയാണ് വിദ്യാ റാണി ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയാണ് വിദ്യറാണി.
2020 ഫെബ്രുവരിയിലാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ സന്ദനക്കാട് വെച്ച് വിദ്യാ റാണി ബിജെപിയില്‍ ചേര്‍ന്നത്. അച്ഛന്‍റെ ആഗ്രഹം ജനങ്ങളെ സേവിക്കുക എന്നതാണ്, എന്നാല്‍ അതിന് അദ്ദേഹം തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സേവനം നടത്താനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നുമായിരുന്നു അന്ന് വിദ്യാ റാണി പ്രതികരിച്ചത്.
എന്നാല്‍, അടുത്തിടെ ബിജെപിയിൽ നിന്ന് രാജിവെച്ച വിദ്യാ റാണി നാം തമിഴര്‍ കക്ഷിയുടെ ഭാഗമാവുകയായിരുന്നു. 1990-2000 കാലഘട്ടത്തില്‍ തമിഴ്നാട്, കേരളം, കര്‍ണ്ണാടക വനമേഖലയെ അടക്കിവാണ കട്ടുകള്ളനായിരുന്നു വീരപ്പന്‍. 128ഓളം കൊലപാതകങ്ങള്‍ നടത്തിയ വീരപ്പനെ 2004ലാണ് തമിഴ്നാട് പൊലീസ് പ്രത്യേക ഓപ്പറേഷനിലൂടെ കൊലപ്പെടുത്തിയത്.
What's Your Reaction?