ഈ പരിഹാസം വീണുടയും ഡാർലിങ്; വിമർശനത്തിന് മാസ് മറുപടിയുമായി ഉണ്ണി മുകുന്ദൻ
ജയ് ഗണേഷ് സിനിമയ്ക്കു കൃത്യമായ പൊളിറ്റിക്കല്‍ അജണ്ടയുണ്ടെന്നു പറഞ്ഞുള്ള യൂട്യൂബ് വ്ലോഗറുടെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു നടന്റെ പ്രതികരണം. '
നടന്‍ ഉണ്ണി മുകുന്ദന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ജയ് ഗണേഷ്. ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഇപ്പോഴിതാ തന്റെ സിനിമയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. നിങ്ങളുടെ പരിഹാസം ഏപ്രില്‍ 11ന് വീണുടയുമെന്നും ഇത്തരം വീഡിയോകളിലൂടെ ഇവര്‍ സ്വയം വിഡ്ഢികളായി മാറുകയാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
ജയ് ഗണേഷ് സിനിമയ്ക്കു കൃത്യമായ പൊളിറ്റിക്കല്‍ അജണ്ടയുണ്ടെന്നു പറഞ്ഞുള്ള യൂട്യൂബ് വ്ലോഗറുടെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു നടന്റെ പ്രതികരണം. 'ജയ് ഗണേഷ് എന്ന സിനിമ എന്താണെന്ന് ഇദ്ദേഹത്തിന് കൃത്യമായൊരു വ്യക്തതയില്ല. ഇവരുടെ രാഷ്ട്രീയ വീക്ഷണവുമായി എന്റെ സിനിമകളെ ബന്ധിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം എനിക്കു മനസ്സിലാക്കാനാകും.
പുറത്തുവരുന്ന ഓരോ സിനിമയും എന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇവര്‍ കഠിനമായി ശ്രമിക്കുന്നുണ്ട്. അതിനെ ഞാന്‍ തികച്ചും അഭിനന്ദിക്കുന്നു. കേരളത്തിലും അതിന്റെ ചുറ്റുപാടുകളിലുമായി നടക്കുന്ന എല്ലാ കാര്യങ്ങളെയും ജയ് ഗണേഷ് സിനിമയുമായി ബന്ധിപ്പിക്കാന്‍ തീവ്രമായി ശ്രമിക്കുന്ന ഒരാളുടെ വിഡിയോ ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു.
ഈ സംഭവിക്കുന്നതെല്ലാം എന്റെ മാര്‍ക്കറ്റിങ് ഗിമ്മിക്കിങിന്റെ ഭാഗമാണെന്നാണ് ഇവര്‍ ഇതിലൂടെ വരുത്തി തീര്‍ക്കുന്നത്. ഇതുപോലുള്ള ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്ക് യൂട്യൂബ് പണം നല്‍കുമെന്നും അതു നിങ്ങളുടെ ജീവിതം നിലനിര്‍ത്താന്‍ സഹായിച്ചേക്കാമെന്നും ഞാന്‍ മനസ്സിലാക്കുന്നു, എന്നാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ നിരത്തി നിരാശനായ ഒരു മനുഷ്യനെപ്പോലെ ആകാതിരിക്കാന്‍ ശ്രമിക്കുക.
റിലീസ് പോലുമാകാത്ത സിനിമയെ പരാമര്‍ശിച്ച്, ഒരു അജണ്ട സിനിമയായി വരുത്തിത്തീര്‍ത്ത് അതില്‍ നിന്നു വരുമാനം നേടുന്നത്, ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ എവിടെയാണെന്ന് കാണിക്കുന്നു. നിങ്ങളുടെ പരിഹാസം ഏപ്രില്‍ 11 ന് വീണുടയും ഡാര്‍ലിങ്. അന്നാണ് ജയ് ഗണേഷ് റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 1 വിഡ്ഢി ദിനമാണ്, എന്നാല്‍ നിങ്ങള്‍ക്ക് അത് ഏപ്രില്‍ 11നായിരിക്കും. ഈ കണ്ടന്റ് നന്നായി ആസ്വദിച്ചു. ജയ് ഗണേശിനെ അടിസ്ഥാനമാക്കിയുള്ള ഇതുപോലുള്ള വീഡിയോ ചെയ്ത് നിങ്ങള്‍ ജീവിതത്തെ അതിജീവിക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു' ഉണ്ണി മുകുന്ദന്‍ കുറിച്ചു.
What's Your Reaction?