കെജ്‌രിവാളിനെ വിടാതെ ഇഡി: ഏഴാം സമൻസും എത്തി, ഈ മാസം 26ന് ഹാജരാകണം

ഫെബ്രുവരി 19 നായിരുന്നു ആറാമത്തെ സമന്‍സ് എത്തിയത്.  വിഷയം ഇപ്പോള്‍ കോടതിയിലാണെന്നും അന്വേഷണ ഏജന്‍സി കാത്തിരിക്കണമെന്നുമാണ് അന്ന് കെജ്രിവാള്‍ പറഞ്ഞത്. 

Feb 22, 2024 - 15:42
 0  9
കെജ്‌രിവാളിനെ വിടാതെ ഇഡി: ഏഴാം സമൻസും എത്തി, ഈ മാസം 26ന് ഹാജരാകണം
കെജ്‌രിവാളിനെ വിടാതെ ഇഡി: ഏഴാം സമൻസും എത്തി, ഈ മാസം 26ന് ഹാജരാകണം

ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ  ഏഴാമത്തെ സമന്‍സ്. ഫെബ്രുവരി 26 തിങ്കളാഴ്ച ഇഡിക്കു മുന്നില്‍ ഹാജരാകണമെന്നാണ് ആം ആദ്മി പാര്‍ട്ടി മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഇഡി അയച്ച സമന്‍സുകള്‍ 'നിയമവിരുദ്ധം' എന്ന് വിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി തള്ളിയിരുന്നു. ഫെബ്രുവരി 19 നായിരുന്നു ആറാമത്തെ സമന്‍സ് എത്തിയത്.  വിഷയം ഇപ്പോള്‍ കോടതിയിലാണെന്നും അന്വേഷണ ഏജന്‍സി കാത്തിരിക്കണമെന്നുമാണ് അന്ന് കെജ്രിവാള്‍ പറഞ്ഞത്. 

ഇതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. വീണ്ടും വീണ്ടും സമന്‍സ് അയയ്ക്കുന്നതിന് പകരം ഇഡി കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വേണ്ടതെന്ന് ആംആദ്മി നേരത്തെ വ്യക്തമാക്കിയിരുന്നു. സമന്‍സുകള്‍ ആവര്‍ത്തിച്ച് തള്ളുന്നത് ചൂണ്ടിക്കാട്ടി കെജ്രിവാളിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു.

ഫെബ്രുവരി 17ന് നേരിട്ട് ഹാജരാകാന്‍ കെജ്രിവാളിന് കോടതി സമന്‍സ് അയച്ചിരുന്നു.എന്നാല്‍ നിയമസഭയിലെ അവിശ്വാസ പ്രമേയ നടപടിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല. മാര്‍ച്ച് 16 ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. 2023 ഫെബ്രുവരി 14, ഫെബ്രുവരി 2, ജനുവരി 18, ജനുവരി 3, ഡിസംബര്‍ 22, 2023 നവംബര്‍ രണ്ട് എന്നീ തീയതികളിലും  അന്വേഷണ ഏജന്‍സി കെജ്രിവാളിന് സമന്‍സുകള്‍ അയച്ചിരുന്നു. 

2021-22 ഡല്‍ഹി എക്‌സൈസ് നയ കേസില്‍ നയരൂപീകരണം, യോഗങ്ങള്‍, കൈക്കൂലി ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കെജ്രിവാളിന്റെ മൊഴി രേഖപ്പെടുത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത്. അതേസമയം അന്വേഷണ ഏജന്‍സിയുടെ നടപടികള്‍ നിയമവിരുദ്ധമാണെന്നാണ് കെജ്രിവാള്‍ പറയുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തടയുക എന്നതാണ് ഏജന്‍സിയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം ആരോപിക്കുന്നു. കേന്ദ്ര ഏജന്‍സി തങ്ങളുടെ ഏജന്‍സികള്‍ വഴി പാര്‍ട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow