വന്യമൃഗ ആക്രമണത്തില്‍ ഈ വര്‍ഷം മൂന്ന് മരണം; വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍
ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ പാക്കം സ്വദേശി പോള്‍ കൊല്ലപ്പെട്ടതിലും വയനാട്ടില്‍ വന്യമൃഗ ആക്രമണം രൂക്ഷമായതിലും പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. വന്യമൃഗ ആക്രമണത്തില്‍ വയനാട്ടില്‍ ഈ വര്‍ഷം മാത്രം മൂന്ന് മരണങ്ങള്‍ സംഭവിച്ചു. മൂന്നാമത്തെ മരണമാണ് പോളിന്റേത്. ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പോളിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് റോഡ് മാര്‍ഗ്ഗം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഒരുമണിക്കൂര്‍ 57 മിനിറ്റ് എടുത്താണ് റോഡ് മാര്‍ഗ്ഗം പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പോളിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും മെഡിക്കല്‍ കോളേജില്‍ ഒരുക്കിയിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട പോളിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
രാവിലെ 9.30ഓടെയായിരുന്നു ചോകാടിക്ക് സമീപം കുറുവാ ദ്വീപിലേയ്ക്ക് ഇറങ്ങുന്ന പ്രധാനപാതയ്ക്ക് സമീപം പോള്‍ കാട്ടാനയെ കണ്ടത്. ആനയെ കാട്ടിലേയ്ക്ക് തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന പോളിന് നേരെ തിരിയുകയായിരുന്നു. ഇതിനിടെ വീണ് പോയ പോളിനെ കാട്ടാന ചവിട്ടുകയായിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഒച്ചയിട്ടതിനെ തുടര്‍ന്നാണ് കാട്ടാന പോളിനെ ആക്രമിക്കുന്നതില്‍ നിന്നും പിന്‍തിരിഞ്ഞത്. തുടര്‍ന്ന് പരിക്കേറ്റ പോളിനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് വാരിയെല്ലിന് പൊട്ടലേറ്റിരുന്നു. പോളിന് ആന്തരിക രക്തസ്രാവവും ഉണ്ടായതാണ് ആരോഗ്യനില ഗുരുതരമാക്കിയത്.
What's Your Reaction?