പ്രണയം പിന്നീട് പകയായി, അഞ്ചാംപാതിര കണ്ട് കൊലപാതകം; നോവായി വിഷ്ണുപ്രിയ,കുറ്റബോധമില്ലാതെ ശ്യാംജിത്ത്
സൗഹൃദം പ്രണയത്തിലെത്തി അധികം വൈകാതെ ബന്ധത്തില്‍ അസ്വാരസ്യങ്ങളായി. ശ്യാംജിത്തിന്റെ സംശയവും സ്വാര്‍ഥതയും വില്ലനായതോടെ ബന്ധം ഉപേക്ഷിക്കാന്‍ വിഷ്ണുപ്രിയ തീരുമാനിച്ചു. പലതവണ ഇക്കാര്യം പറഞ്ഞെങ്കിലും ബന്ധം അവസാനിപ്പിക്കാന്‍ ശ്യാംജിത്ത് തയ്യാറായില്ല.
കണ്ണൂര്‍: ആ കൊവിഡ് കാലത്ത് സഹോദരിയുടെ സഹപാഠിയുമായി പ്രണയത്തിലാകുമ്പോള്‍ വിഷ്ണുപ്രിയ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല ആ ബന്ധം തന്റെ ജീവനെടുക്കാനുള്ളതാണെന്ന്. പ്രണയം നിരസിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സഹോദരിയുടെ സഹപാഠി ആയിരുന്നു പ്രതി ശ്യാംജിത്ത്. ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട് സഹോദരിയുടെ ഫോണിലേക്ക് വന്ന വിളിയിലൂടെയാണ് ഇരുവരും അടുത്തത്. സൗഹൃദം പ്രണയത്തിലെത്തി അധികം വൈകാതെ ബന്ധത്തില്‍ അസ്വാരസ്യങ്ങളായി. ശ്യാംജിത്തിന്റെ സംശയവും സ്വാര്‍ഥതയും വില്ലനായതോടെ ബന്ധം ഉപേക്ഷിക്കാന്‍ വിഷ്ണുപ്രിയ തീരുമാനിച്ചു. പലതവണ ഇക്കാര്യം പറഞ്ഞെങ്കിലും ബന്ധം അവസാനിപ്പിക്കാന്‍ ശ്യാംജിത്ത് തയ്യാറായില്ല.
ഇതിന് പിന്നാലെയാണ് വയനാട്ടിലേക്കുള്ള വിനോദയാത്രക്കിടെ വിഷ്ണുപ്രിയ ഫോട്ടോ?ഗ്രാഫറായ പൊന്നാനി സ്വദേശിയെ പരിചയപ്പെടുന്നത്. ഇവര്‍ പിന്നീട് പ്രണയത്തിലായി. ഇതറിഞ്ഞ ശ്യാംജിത്ത് ഭീഷണിയുമായി രംഗത്തെത്തി. വിഷ്ണുപ്രിയയെയും ആണ്‍സുഹൃത്തിനെയും നേരില്‍ക്കണ്ട് ബന്ധം പിരിയാന്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍, പ്രണയം അവസാനിപ്പിക്കില്ലെന്ന് ഇരുവരും നിലപാടെടുത്തതോടെ ശ്യാംജിത്തിന്റെ പക വര്‍ധിച്ചു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
2022 ഒക്ടോബര്‍ രണ്ട്. കണ്ണൂര്‍ പാനൂരിലെ വീട്ടില്‍ ആണ്‍സുഹൃത്തിനെ വീഡിയോകോള്‍ ചെയ്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ. അപ്പോഴാണ് ശ്യാംജിത്ത് അവിടേക്ക് കയറിച്ചെന്നത്. ശ്യാം ചേട്ടന്‍ വന്നിട്ടുണ്ട്, എന്തെങ്കിലും ചെയ്യും എന്ന് വിഷ്ണുപ്രിയ ആണ്‍സുഹൃത്തിനോട് പറഞ്ഞു. 17 സെക്കന്റ് ആണ്‍സുഹൃത്ത് ശ്യാംജിത്തിനെ കോളിലൂടെ കണ്ടിരുന്നു. ഇതാണ് കേസിലും നിര്‍ണായകമായത്. കയ്യില്‍ കരുതിയ ചുറ്റിക കൊണ്ട് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ തലയ്ക്കടിച്ചു. കൈകാലുകളിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ചു. നെഞ്ചിലും മറ്റും കുത്തി പരുക്കേല്‍പ്പിച്ചു. 26 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ആണ്‍സുഹൃത്ത് ഇതിനോടകം തന്നെ ശ്യാം വീട്ടിലെത്തിയ കാര്യം പരിചയത്തിലുള്ള പൊലീസുകാരനെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് ആളുകളെത്തുമ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു.
പ്രതിയുടെ ഫോണ്‍നമ്പര്‍ ഉപയോഗിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കൂത്തുപറമ്പിനടത്ത് മാനന്തേരി എന്ന പ്രദേശത്താണ് ഉള്ളതെന്ന് പൊലീസിനു വ്യക്തമായി. പൊലീസ് എത്തുമ്പോള്‍ അച്ഛന്റെ ഹോട്ടലില്‍ സഹായിയായി നില്‍ക്കുകയായിരുന്നു പ്രതി. യാതൊരു ഭാവവ്യത്യാസങ്ങളും പ്രതിക്കുണ്ടായിരുന്നില്ല. ആദ്യം കുറ്റം നിഷേധിച്ച പ്രതി പിന്നീട് താന്‍ കൃത്യം ചെയ്‌തെന്ന് സമ്മതിച്ചു. കൃത്യത്തിനുപയോഗിച്ച ആുധങ്ങള്‍ പിറ്റേന്ന് കുളത്തില്‍ നിന്ന് കണ്ടെത്തി. കൊല നടത്തിയ ശേഷം വീട്ടിലെത്തിയ പ്രതി കുളിച്ചു വൃത്തിയാവുകയും കൊലപാതകത്തിനുപയോഗിച്ച സാധനങ്ങള്‍ തൊട്ടടുത്ത കുളത്തില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കണ്ടെടുത്ത വസ്തുക്കളില്‍ മനുഷ്യരക്തത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. പ്രതി കടയില്‍ നിന്ന് ചുറ്റിക വാങ്ങുന്നതിന്റെയും പാനൂര്‍ ടൗണിലെത്തിയതിന്റെയും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് വന്നു പോയത് മൂന്നു പേര്‍ കണ്ടിരുന്നു. വീഡിയോ കോളില്‍ ആണ്‍സുഹൃത്തിന് ലഭിച്ച വിവരങ്ങളും നിര്‍ണായകമായി. ദൃക്‌സാക്ഷിയില്ലാത്ത കേസാണ് പൊലീസ് തെളിയിച്ചത്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഫോണ്‍കോള്‍ റെക്കോര്‍ഡുകളും ഉപയോഗിച്ച് 34 ദിവസത്തിനകം പാനൂര്‍ സിഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്തത് അഞ്ചാം പാതിര സിനിമ കണ്ടാണെന്ന് ശ്യാംജിത്ത് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. അഞ്ചാംപാതിരയിലെ കൊലപാതകിയുടേതിന് സമാനമായ വേഷത്തിലാണ് ശ്യാംജിത്ത് കൃത്യം നടത്താന്‍ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. സിനിമ കണ്ടത് ആസൂത്രണത്തിന് സഹായകമായെന്ന മൊഴി വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചാലും തനിക്കൊന്നുമില്ലെന്നും കൃത്യത്തില്‍ കുറ്റബോധമില്ലെന്നും പ്രതി പറഞ്ഞതും വാര്‍ത്തയായിരുന്നു. വിഷ്ണുപ്രിയ അര്‍ഹിക്കുന്ന ശിക്ഷയാണ് താന്‍ നല്‍കിയതെന്നായിരുന്നു അന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രതിയുടെ നിലപാട്. തനിക്ക് ഇപ്പോള്‍ 25 വയസാണെന്നും ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ 39 വയസേ ആകൂ എന്നുമാണ് ഒരു കൂസലുമില്ലാതെ ശ്യാംജിത്ത് അന്ന് പ്രതികരിച്ചത്. എന്നാല്‍, ഇന്ന് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ശ്യാംജിത്ത് മൗനം പാലിക്കുകയാണ് ചെയ്തത്. നിഷ്ഠൂരമായ കൃത്യത്തിന് കോടതി എന്ത് ശിക്ഷ വിധിക്കുമെന്ന് തിങ്കളാഴ്ച അറിയാം.
What's Your Reaction?