മെമ്മറി കാർഡ് കാണാനില്ല; കെഎസ്ആർടിസി എംഡിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്
ക്യാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് തമ്പാനൂർ ഡിപ്പോയിലുള്ളത്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്.
തിരുവനന്തപുരം; മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തിൽ നിർണായകമായ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഗതാഗത മന്ത്രി ഗണേഷ് കുമാർ കെഎസ്ആർടിസി എംഡിക്ക് നൽകിയ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസിന് പരാതി നൽകിയത്. തമ്പാനൂർ പൊലീസാണ് മെമ്മറി കാർഡ് കാണാതായതിൽ കേസ് എടുത്തിരിക്കുന്നത്.
ക്യാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് തമ്പാനൂർ ഡിപ്പോയിലുള്ളത്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. പ്രശ്‌നം നടന്ന ശേഷം ആരോ മെമ്മറി കാർഡ് എടുത്തുമാറ്റിയതാണെന്നാണ് വ്യക്തമാകുന്നത്. മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ബസ് ഡ്രൈവറും തമ്മിലെ തർക്കത്തിൽ ഈ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അതീവ നിർണായകമാണ്. അതുകൊണ്ടുതന്നെ മെമ്മറി കാർഡ് കണ്ടെത്തേണ്ടത് അന്വേഷണത്തിലും നിർണായകമാണ്.
മേയർ ആരോപിക്കുന്നത് പോലെ ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവർടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിൽ സി സി ടി വിയിലെ ദൃശ്യങ്ങൾ നിർണായകമാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ദൃശ്യങ്ങൾ കാണാനില്ലെന്നത് ദുരൂഹമാണ്.
What's Your Reaction?