ബിഹാറിലെ സീറ്റുതർക്കം: കേന്ദ്രമന്ത്രി പശുപതി പരസ് രാജിവച്ചു
ഡല്‍ഹിയിലെത്തിയ നിതീഷ് കുമാര്‍ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്.
ലോക്സഭാ തിരഞ്ഞെടുപ്പ്പ്രഖ്യാപിച്ചിരിക്കെ കേന്ദ്രമന്ത്രി രാജിവച്ചു. പശുപതി പരസ് ആണ് നരേന്ദ്ര മോദി മന്ത്രിസഭയില്‍നിന്ന് അപ്രതീക്ഷിതമായി രാജിവച്ചത്. രാഷ്ട്രീയ ലോക് ജന്‍ശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി) നേതാവാണ് ഇദ്ദേഹം. ബിഹാറിലെ സീറ്റ് വിഭജന തര്‍ക്കമാണ് പൊട്ടിത്തെറിയിലേക്കും പരസിന്റെ രാജിയിലും കലാശിച്ചത്.
'ഞാന്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു. സീറ്റ് വിഭജനത്തില്‍ ഞങ്ങളുടെ പാര്‍ട്ടിക്കും എനിക്കും അനീതി നേരിടേണ്ടി വന്നു,' പശുപതി പരാസ് പറഞ്ഞു. സ്ഥാനമൊഴിയുന്നതിന് മുമ്പ് പശുപതി പരാസ് മോദി സര്‍ക്കാരില്‍ ഭക്ഷ്യ സംസ്‌കരണ മന്ത്രിയായിരുന്നു. സീറ്റ് വിഭജനത്തില്‍ ചിരാഗ് പാസ്വാന്റെ എല്‍ജെപി (രാം വിലാസ്) 5 ലോക്സഭാ സീറ്റുകള്‍ നേടിയതില്‍ പശുപതി അതൃപ്തി പ്രകടിപ്പിച്ചു.
ബിഹാറില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി - ജെഡിയു സീറ്റ് ധാരണയായിരുന്നു. നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റുകളിലും ബിജെപി പതിനേഴ് സീറ്റുകളിലുമാണ് മത്സരിക്കുത്. ഡല്‍ഹിയിലെത്തിയ നിതീഷ് കുമാര്‍ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്.
ബിഹാര്‍ എന്‍ഡിഎ സഖ്യത്തിലെ അംഗങ്ങള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയാണ് സീറ്റ് വിഭജനം പ്രഖ്യാപിച്ചത്. അന്തരിച്ച രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് അഞ്ച് സീറ്റും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് ഒരുസീറ്റും രാഷ്ട്രീയ ലോക്മോര്‍ച്ചയ്ക്ക് ഒരു സീറ്റും നല്‍കാന്‍ തീരുമാനമായിരുന്നു.
What's Your Reaction?