അഭ്യൂഹങ്ങൾക്ക് വിട; കമല്‍നാഥ് ബിജെപിയില്‍ ചേരില്ല, ഭാരത് ന്യായ് യാത്രയിൽ പങ്കെടുക്കും

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ സ്വാഗതം ചെയ്യുന്നതില്‍ മധ്യപ്രദേശിലെ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവേശഭരിതരാണെന്നും മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Feb 23, 2024 - 22:32
 0  7
അഭ്യൂഹങ്ങൾക്ക് വിട; കമല്‍നാഥ് ബിജെപിയില്‍ ചേരില്ല, ഭാരത് ന്യായ് യാത്രയിൽ പങ്കെടുക്കും


ബിജെപിയില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ക്ക് ഇടയില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയില്‍ പങ്കെടുക്കും. മാര്‍ച്ച് 2 മുതല്‍ അദ്ദേഹം യാത്രയ്ക്കൊപ്പം ചേരുമെന്നും മധ്യപ്രദേശില്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ അദ്ദേഹം സ്വാഗതം ചെയ്യുമെന്നുമാണ് വിവരം. രാഹുല്‍ ഗാന്ധിയെ തന്റെ നേതാവാണെന്നും ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അദ്ദേഹം വിശേഷിപ്പിച്ചു.

മാര്‍ച്ച് രണ്ടിന് ചിന്ദ്വാരയില്‍ നിന്ന് കമല്‍നാഥ് ഗ്വാളിയോറിലെത്തും. കോണ്‍ഗ്രസിന്റെ ന്യായ യാത്ര അന്നുതന്നെയാണ് മധ്യപ്രദേശിലെത്തുക. മാര്‍ച്ച് 6 വരെ കമല്‍നാഥ് രാഹുല്‍ ഗാന്ധിക്കൊപ്പം തുടരും. ഭാരത് ജോഡോ ന്യായ് യാത്ര മാര്‍ച്ച് രണ്ടിന് രാജസ്ഥാനിലെ ധോല്‍പൂരില്‍ നിന്ന് എംപിയിലെ മൊറേനയില്‍ പ്രവേശിക്കും. അഞ്ച് ദിവസമാണ് മധ്യപ്രദേശില്‍ പാര്‍ട്ടിയുടെ യാത്ര. ഫെബ്രുവരി 24 മുതല്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഭാരത് ജോഡോ ന്യായ യാത്രയില്‍ പങ്കെടുക്കും. മൊറാദാബാദില്‍ നിന്ന് ആരംഭിച്ച് അംരോഹ, സംഭാല്‍, ബുലന്ദ്ഷഹര്‍, അലിഗഡ്, ഹത്രാസ്, ആഗ്ര വഴി ഫത്തേപൂര്‍ സിക്രി വരെ യാത്ര ചെയ്യും.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ സ്വാഗതം ചെയ്യുന്നതില്‍ മധ്യപ്രദേശിലെ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവേശഭരിതരാണെന്നും മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 'മധ്യപ്രദേശിലെ ജനങ്ങളോടും  കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ഭാരത് ജോഡോ ന്യായ് യാത്രയില്‍ പരമാവധി അണിചേരാനും രാഹുല്‍ ഗാന്ധിയുടെ ശക്തിയും ധൈര്യവും ആവാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, അനീതിക്കെതിരെ ഞങ്ങളും നിങ്ങളും ഒരുമിച്ച് ഈ മഹത്തായ കാമ്പയിന്‍ തുടരുമെന്ന് കമല്‍നാഥ് പറഞ്ഞു.'

കമല്‍നാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമായിരിക്കുകയാണ്. എന്നിരുന്നാലും, കമല്‍നാഥിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ചിന്ദ്വാരയില്‍ നിന്നുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നു. കമല്‍നാഥും മകനും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കമല്‍നാഥും മകനും കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിംഗ് രാഹുല്‍ ഗാന്ധിയുടെ ന്യായ യാത്രയില്‍ ചേരുന്നതിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow