പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഷമീറയ്ക്ക് അക്യുപങ്ചർ നൽകിയയാള്‍ പിടിയില്‍
കേസിന്‍റെ ആദ്യ ദിവസം ഷിഹാബുദ്ദീനെ തേടി പൊലീസ് എത്തിയപ്പോൾ ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല. രജിസ്ട്രേഷൻ രേഖകൾ നൽകാൻ ഇയാൾ തയ്യാറായിരുന്നില്ല. പിന്നീട് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
തിരുവനന്തപുരം: നേമത്ത് പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വ്യാജ അക്യുപങ്ചർ പ്രസവ ചികിത്സ നൽകിയ ശിഹാബുദ്ദീൻ പിടിയിൽ. വെഞ്ഞാറമൂട് തേമ്പാമൂട് സ്വദേശിയാണ് ശിഹാബുദ്ദീന്‍. കൊച്ചിയിൽ നിന്ന് ഷമീറയ്ക്ക് അക്യുപഞ്ചർ ചികിത്സ നൽകിയത് ഇയാളാണ്.
കേസിന്‍റെ ആദ്യ ദിവസം ഷിഹാബുദ്ദീനെ തേടി പൊലീസ് എത്തിയപ്പോൾ ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല. രജിസ്ട്രേഷൻ രേഖകൾ നൽകാൻ ഇയാൾ തയ്യാറായിരുന്നില്ല. പിന്നീട് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മരിച്ച ഷമീറയുടെ ഭർത്താവിന്റെ ആദ്യ ഭാര്യയെയും മകളെയും കേസില്‍ പ്രതിചേർക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിലും നടപടി ഉണ്ടായില്ല. ഷമീറയുടെ പ്രസവ സമയം ഭർത്താവ് നയാസിനൊപ്പം ആദ്യ ഭാര്യയും മകളും ഉണ്ടായിരുന്നതായി നയാസ് തന്നെ മൊഴി നൽകിയിട്ടുണ്ട്. അക്യുപങ്ചർ പഠിച്ച മകൾ പ്രസവം എടുക്കാൻ ശ്രമിച്ചെന്നും മൊഴി ഉണ്ട്. എന്നാൽ ഇവർ രണ്ടു പേർക്കും എതിരെ ഇതുവരെ കേസ് എടുത്തിട്ടില്ല.
ഷമീറ മരിച്ച സംഭവത്തിൽ നിലവിൽ കേസെടുത്തിട്ടുള്ളത് നയാസിനെതിരെ മാത്രമാണ്. ചികിത്സ തേടാതെ ഉള്ള പ്രസവം സംബന്ധിച്ച് ആരോഗ്യവകുപ്പ് നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും നിർബന്ധിത ചികിത്സയ്ക്ക് നടപടിയെടുക്കാൻ ആകില്ലെന്ന് ആയിരുന്നു പൊലീസിന്റെ നിലപാട്. ഇതിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. കേസിൽ ഭര്‍ത്താവ് നയാസിന്റെ അറസ്റ്റ് നേമം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യ, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍, ഗര്‍ഭം അലസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത പ്രവര്‍ത്തി മൂലമുള്ള മരണം എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. നേമം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്കു താമസിക്കുന്ന ഷമീറയും (36) നവജാതശിശുവുമാണ് കഴിഞ്ഞ ദിവസം ചികിത്സ ലഭിക്കാതെ മരിച്ചത്.
What's Your Reaction?