ശിവകാർത്തികേയൻ നായകനായ ‘അമരൻ’ സിനിമയ്‌ക്കെതിരേ തമിഴ്നാട്ടിൽ പ്രതിഷേധം. സിനിമയിൽ മുസ്‌ലിം സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപണം
സിനിമയില്‍ മുസ്ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
ചെന്നൈ: മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് ശിവകാര്‍ത്തികേയന്‍ നായകനായ 'അമരന്‍' സിനിമയ്ക്കെതിരേ തമിഴ്‌നാട്ടില്‍ പ്രതിഷേധം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്‌ച്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സിനിമയില്‍ മുസ്ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ശിവകാര്‍ത്തികേയനും കമല്‍ഹാസനുമെതിരേ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. താരങ്ങളെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
തിരുനെല്‍വേലി, തിരുപ്പൂര്‍, വെല്ലൂര്‍, തിരുച്ചിറപ്പള്ളി, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. തമിഴക മക്കള്‍ ജനനായക കക്ഷി (ടിഎംജെകെ) യാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത്. സിനിമയുടെ റിലീസ് തടയാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് പാര്‍ട്ടിയുടെ തിരുച്ചിറപ്പള്ളി ജില്ലാസെക്രട്ടറി റയാല്‍ സിദ്ദിഖി ആവശ്യപ്പെട്ടു.
രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മേജര്‍ മുകുന്ദ് എന്ന കഥാപാത്രമായാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. രാജ്യം അശോക ചക്ര നല്‍കി ആദരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് സിനിമയുടെ പ്രമേയമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
What's Your Reaction?