കോണ്‍ഗ്രസിന് ആശ്വാസം:പ്രതിസന്ധികള്‍ക്കിടെ ബജറ്റ് പാസാക്കി ഹിമാചല്‍ സര്‍ക്കാര്‍
സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹര്‍ഷ് മഹാജന്‍ ആത്മവിശ്വാസം പങ്കുവെച്ചിരുന്നു.
ഡല്‍ഹി: പ്രതിസന്ധികള്‍ക്കിടെ ബജറ്റ് പാസാക്കി ഹിമാചല്‍ സര്‍ക്കാര്‍. ജയറാം ഠാക്കൂര്‍ അടക്കം 14 ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ബജറ്റ് പാസാക്കിയത്. ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിങ്വി പരാജയപ്പെട്ടതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്ന മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ബിജെപിക്ക് വോട്ട് ചെയ്തതോടെയാണ് സഭയില്‍ ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. ക്രോസ് വോട്ടിങ് നടന്നതിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
അതേസമയം കോണ്‍ഗ്രസ് എംഎല്‍എ വിക്രമാദിത്യ സിങ്ങിന്റെ രാജി അംഗീകരിക്കില്ലെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ബിജെപിക്ക് വോട്ട് ചെയ്തതില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ ക്ഷമ ചോദിച്ചിട്ടുണ്ട്. പാര്‍ട്ടിയെ വഞ്ചിച്ചതായി എംല്‍എ പറഞ്ഞുവെന്നും ഹിമാചലിലെ ജനങ്ങള്‍ ഇവര്‍ക്ക് മറുപടി നല്‍കുമെന്നും സുഖു പറഞ്ഞു. ആറ് എംഎല്‍എമാരെ ബിജെപി റാഞ്ചിയെന്ന് ഇന്നലെ സുഖു ആരോപിച്ചിരുന്നു. സിആര്‍പിഎഫും ഹരിയാന പൊലീസും എസ്‌കോര്‍ട്ട് നല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെയാണ് ഒരു എംഎല്‍എ മാപ്പുചോദിച്ചുവെന്ന് സുഖു തന്നെ വ്യക്തമാക്കുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച പശ്ചാത്തലത്തില്‍ സുഖ്വിന്ദര്‍ സിങ് സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണത്തിലെത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി ജയറാം ഠാക്കൂര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ ഈ ശ്രമം വിഫലമാക്കികൊണ്ടായിരുന്നു സ്പീക്കര്‍ ജയറാം ഠാക്കൂര്‍ അടക്കം 14 ബിജെപി എംഎല്‍എമാരെ സസ്‌പെന്റ് ചെയ്തത്.
സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹര്‍ഷ് മഹാജന്‍ ആത്മവിശ്വാസം പങ്കുവെച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും ഭരണമാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നുമായിരുന്നു പ്രതികരണം. 68 സീറ്റുള്ള ഹിമാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 സീറ്റ്, ബിജെപിക്ക് 25 സീറ്റ്, മൂന്ന് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് കക്ഷി നില.
സര്‍ക്കാരിന് ഭീഷണി ഉയര്‍ന്നതിന് പിന്നാലെ കേന്ദ്ര നിരീക്ഷകരായി ഭൂപീന്ദര്‍ സിംഗ് ഹൂഡയെയും ഡി കെ ശിവകുമാറിനെയും കേന്ദ്ര നേതൃത്വം ഹിമാചലിലേയ്ക്ക് നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമത എംഎല്‍എമാര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്ര നിരീക്ഷകരെ ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുന്നത്.
What's Your Reaction?