കനത്ത മഴ: മഴയിൽ മുങ്ങി ആശുപത്രികൾ, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടപ്പുരയും വെള്ളത്തിൽ

കോഴിക്കോട് ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.

May 23, 2024 - 13:12
 0  7
കനത്ത മഴ: മഴയിൽ മുങ്ങി ആശുപത്രികൾ, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടപ്പുരയും വെള്ളത്തിൽ
കനത്ത മഴ: മഴയിൽ മുങ്ങി ആശുപത്രികൾ, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടപ്പുരയും വെള്ളത്തിൽ

കോഴിക്കാട്: കേരളത്തിൽ മഴ കനത്തതോടെ വെള്ളപ്പൊക്കവും രൂക്ഷമായിരിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിൽ വെള്ളം കയറി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. തൃശ്ശൂർ കിഴക്കെകോട്ടയിൽ ബിഷപ്പ് ഹൗസിന് സമീപം മതിൽ തകർന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിൽ വെള്ളം കയറി.

കോഴിക്കോട് ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. തൃശ്ശൂരിലെ അതിശക്തമായ മഴയിൽ അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറിയ നിലയിലാണ്. അശ്വിനി ആശുപത്രിയുടെ ഐസിയുവില്‍ വരെയാണ് വെള്ളമെത്തിയത്. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുന്നു. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.

എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്തിന് മീൻപിടിത്തത്തിന് പോകരുതെന്നാണ് നിർദേശം.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് എറണാകുളത്ത് മഴ ശക്തമായത്. കാക്കനാട്, പാലാരിവട്ടം, പനമ്പിള്ളിനഗര്‍, എംജി റോഡ്, ഇടപ്പള്ളി, കടവന്ത്ര, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. കളമശ്ശേരി മൂലേപ്പാടത്ത് 20 ഓളം വീടുകളില്‍ വെള്ളം കയറി. നഗരത്തില്‍ ഗതാഗതം തടസ്സപ്പെട്ടത് യാത്രക്കാരെയും വലച്ചു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെള്ളക്കെട്ട് ഉണ്ടായതോടെ യാത്രക്കാര്‍ കുടുങ്ങി. റെയില്‍വേ സ്റ്റേഷനിലേക്കും എത്താനാകാത്ത സാഹചര്യമാണ് ഉണ്ടായത്.

പൂത്തോട്ടയില്‍ വള്ളം മറിഞ്ഞു പുന്നയ്ക്കാ വെളി ചിങ്ങോറത്ത് സരസന്‍ മരിച്ചു. പുല്ല് ചെത്താന്‍ വള്ളത്തില്‍ പോയതായിരുന്നു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴതുടരുമെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow