മലക്കപ്പാറയിൽ കുടിൽ കെട്ടി സമരം ; വനവാസി മൂപ്പന് നേരെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദ്ദനം
മൂന്നു കുടിലുകളാണ് ഇവർ താൽക്കാലികമായി കെട്ടി താമസം തുടങ്ങിയിരുന്നത്. ഏഴു കുടുംബങ്ങളാണ് ഈ ഊരിൽ ഉള്ളത്.
തൃശ്ശൂർ : മലക്കപ്പാറയിൽ വനവാസി മൂപ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. മലക്കപ്പാറ വീരൻകുടി ഊരിലെ മൂപ്പനായ വീരനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദ്ദനമേറ്റത്. വീരൻകുടി ഊരിലെ കുടുംബങ്ങൾ മലക്കപ്പാറക്ക് സമീപം കുടിൽകെട്ടി സമരം ആരംഭിച്ചിരുന്നതിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ നടപടിയുടെ ഇടയിലാണ് മൂപ്പനെ മർദ്ദിച്ചത്.
ഊരിലെ ഭൂമി വാസയോഗ്യമല്ലെന്ന് നിരവധിതവണ പരാതി ഉന്നയിച്ചിട്ടും സർക്കാർ പരിഹാരം കാണാത്തതിനെത്തുടർന്നാണ് വീരൻകുടി ഊരിലെ കുടുംബങ്ങൾ മലക്കപ്പാറയ്ക്ക് സമീപം കുടിൽകെട്ടി സമരം ആരംഭിച്ചിരുന്നത്. മൂന്നു കുടിലുകളാണ് ഇവർ താൽക്കാലികമായി കെട്ടി താമസം തുടങ്ങിയിരുന്നത്. ഏഴു കുടുംബങ്ങളാണ് ഈ ഊരിൽ ഉള്ളത്.
വനവാസി കുടുംബങ്ങൾ കെട്ടിയ കുടിലുകൾ പൊളിച്ചു നീക്കാൻ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൂപ്പനെ മർദ്ദിച്ചത്. ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് മൂപ്പന്റെ പരാതി. മൂപ്പനെ മർദ്ദിച്ച ശേഷം ഇവർ കെട്ടിയ കുടിലുകളും വനം വകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റി. മർദ്ദനമേറ്റ മൂപ്പനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
What's Your Reaction?