ഹര്‍ജി പിന്‍വലിച്ചാല്‍ അധിക വായ്പയെന്ന് കേന്ദ്രം, അംഗീകരിക്കാനാവില്ലെന്ന് കേരളം; നിലപാടറിയിച്ചത് സുപ്രീംകോടതിയില്‍
പബ്ലിക് അക്കൌണ്ടിലുള്ള പണം പൊതുകടത്തില്‍ പെടുത്തിയതുമൂലം 12,000 കോടി രൂപയാണ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും വെട്ടിക്കുറച്ചത്.
കേരളത്തിന് അധിക വായ്പയ്ക്ക് അനുമതി നല്‍കണമെങ്കില്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന് കേന്ദ്രം. 13,600 കോടി വായ്പയെടുക്കാന്‍ കൂടി അനുമതി നല്‍കാമെന്നും എന്നാല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. അതേസമയം ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കേരളം കോടതിയില്‍ അറിയിച്ചു. അര്‍ഹതപ്പെട്ട വായ്പയ്ക്കാണ് അനുമതി തേടിയിരിക്കുന്നതെന്നും ഹര്‍ജി പിന്‍വലിക്കില്ലെന്നും സംസ്ഥാനം വ്യക്തമാക്കി.
വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും വിശദമായ വാദം കേള്‍ക്കണമെന്നും കേരളത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് മാര്‍ച്ച് 6,7 തിയതികളിലേയ്ക്ക് വാദം കേള്‍ക്കുന്നതിനായി മാറ്റിവെച്ചു.
വിഷയത്തില്‍ കേരളത്തിന്റെ വാദം മുഴുവന്‍ ശരിയല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ഇരുപക്ഷത്തില്‍ നിന്നും രാഷ്ട്രീയമല്ല, ഗൗരവമായ ചര്‍ച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൂടാതെ കടമെടുപ്പ് പരിധിയില്‍ വീണ്ടും ചര്‍ച്ച നടത്തിക്കൂടെയെന്നും ജസ്റ്റിസ് കെ വി വിശ്വനാഥന്‍ ചോദിച്ചു. എന്നാല്‍ അടിയന്തര ആവശ്യം കണക്കിലെടുക്കുകയാണ് വേണ്ടതെന്നും ഇനി അതിന്റെ ആവശ്യമില്ലെന്നും കേരളം നിലപാടറിയിച്ചു.
കഴിഞ്ഞ ദിവസം ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ ധനകാര്യ സെക്രട്ടറി, സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. കേന്ദ്രവും കേരളവും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് സംസ്ഥാനം സമിതി രൂപീകരിച്ചത്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചെന്ന് ആരോപിച്ച് കടുത്ത വിമര്‍ശനമാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയില്‍ പബ്ലിക് അക്കൗണ്ടില്‍ നിന്നുള്ള തുകകളെ കൂടി ഉള്‍പ്പെടുത്തി വെട്ടിച്ചുരുക്കലുകള്‍ 2017 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി കേന്ദ്രം നടപ്പിലാക്കി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.
ഏതുവിധേനയും കേരളത്തെ ബുദ്ധിമുട്ടിച്ചുകളയാം എന്ന നിര്‍ബന്ധബുദ്ധിയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. പബ്ലിക് അക്കൌണ്ടിലുള്ള പണം പൊതുകടത്തില്‍ പെടുത്തിയതുമൂലം 12,000 കോടി രൂപയാണ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും വെട്ടിക്കുറച്ചത്. സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സര്‍ക്കാരിന് ഇല്ല. ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിച്ചാണ് ഭരണഘടനാവിരുദ്ധവും ധനകമ്മീഷന്റെ നിപാടിന് വിരുദ്ധവുമായ ഈ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
What's Your Reaction?