വെടിനിര്‍ത്തല്‍ ചര്‍ച്ച: ഹമാസ് സംഘം കൈറോയില്‍

ലക്ഷങ്ങള്‍ അഭയാർഥികളായി കഴിയുന്ന റഫയില്‍ കരയാക്രമണം കടുപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിനു പിന്നാലെ വെടിനിർത്തല്‍ ചർച്ച പുരോഗമിക്കുന്നു.

Feb 15, 2024 - 12:29
 0  2
വെടിനിര്‍ത്തല്‍ ചര്‍ച്ച: ഹമാസ് സംഘം കൈറോയില്‍

കൈറോ: ലക്ഷങ്ങള്‍ അഭയാർഥികളായി കഴിയുന്ന റഫയില്‍ കരയാക്രമണം കടുപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിനു പിന്നാലെ വെടിനിർത്തല്‍ ചർച്ച പുരോഗമിക്കുന്നു.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ കൈറോയില്‍ നടക്കുന്ന ചർച്ചയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിർബി പറഞ്ഞു.

ഇസ്രായേല്‍ സംഘം ചൊവ്വാഴ്ച മധ്യസ്ഥരുമായി ചർച്ച നടത്തിയതിനു പിന്നാലെ ബുധനാഴ്ച ഹമാസ് സംഘവും കൈറോയിലെത്തി. ഗസ്സയില്‍ ആറാഴ്ച വെടിനിർത്തലിനുള്ള ചർച്ചയാണ് നടക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഡയറക്ടർ വില്യം ബേണ്‍സും ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് മേധാവി ഡേവിഡ് ബെർണിയയും ചർച്ചക്കായി കഴിഞ്ഞദിവസം കൈറോയിലെത്തിയിരുന്നു. വെടിനിർത്തല്‍ വ്യവസ്ഥകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ചർച്ച ശരിയായ ദിശയിലാണെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വീട് നഷ്ടപ്പെട്ട് അഭയാർഥികളായ 14 ലക്ഷത്തോളം പേർ തിങ്ങിത്താമസിക്കുന്ന റഫയില്‍ ആക്രമണം നടന്നാല്‍ സമാനതകളില്ലാത്ത ദുരന്തത്തിനായിരിക്കും സാക്ഷ്യംവഹിക്കേണ്ടിവരുകയെന്ന് മധ്യസ്ഥർ ഇസ്രായേലിനെ അറിയിച്ചിട്ടുണ്ട്. നിരപരാധികളുടെ കൂട്ടക്കുരുതി അനുവദിക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ബൈഡൻ ഭരണകൂടം ഇസ്രായേലിന് സൈനിക സഹായം തുടരുകയാണ്.

ആക്രമണം സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ കൂട്ടക്കുരുതിയിലേക്ക് നയിക്കുമെന്ന് ഐക്യരാഷ്ട്രസഭ സഹായവിതരണം വിഭാഗം അണ്ടർസെക്രട്ടറി മാർട്ടിൻ ഗ്രിഫിത്സും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, ഖാൻയൂനുസിലെ നാസർ ആശുപത്രി വളഞ്ഞ ഇസ്രായേല്‍ സേന രോഗികളോടും ജീവനക്കാരോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നിരവധി അഭയാർഥികളും ആശുപത്രി പരിസരത്തുണ്ട്. ആശുപത്രിക്കു ചുറ്റും രൂക്ഷ പോരാട്ടമാണ് നടക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആശുപത്രിയുടെ വടക്കേ പ്രവേശന കവാടം തകർത്ത ഇസ്രായേല്‍ സേന കെട്ടിടാവശിഷ്ടങ്ങളും മണലും ഉപയോഗിച്ച്‌ വഴിയടച്ചു. ഡോക്ടർമാർക്കും നഴ്സുമാർക്കും നേരെ വെടിയുതിർക്കുകയാണ്. ആശുപത്രി മുറ്റത്തും മൃതദേഹങ്ങള്‍ കുന്നുകൂടിക്കിടക്കുന്നുണ്ട്.

ലബനാനില്‍ ഇസ്രായേല്‍ ആക്രമണം; നാലുമരണം

ബൈറൂത്: സുവാന, അദ്ഷിത് നഗരങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാലുമരണം. സുവാനയില്‍ ഒരു സ്ത്രീയും രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്. അദ്ഷിത്തില്‍ ഒരാളും.

ലബനാനില്‍നിന്ന് ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലി വനിത കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ആക്രമണം. എട്ട് ഇസ്രായേലികള്‍ക്ക് പരിക്കേറ്റിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow