രാഹുല്‍ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലവാരം ഇടിഞ്ഞു; അമിത് ഷാ
തിരഞ്ഞെടുപ്പിന്റെ ആദ്യ അഞ്ച് ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ തങ്ങള്‍ സുരക്ഷിതമായ സീറ്റുകള്‍ സ്വന്തമാക്കിയെന്നും അമിത് ഷാ അവകാശപ്പെട്ടു.
ഡല്‍ഹി: കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ച് അമിത് ഷാ. രാഹുല്‍ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസിന്റെ പെരുമാറ്റരീതിയില്‍ മാറ്റം വന്നെന്നും രാഷ്ട്രീയത്തിന്റെ നിലവാരം ഇടിഞ്ഞെന്നും അമിത് ഷാ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
പാര്‍ലമെന്റില്‍ പ്രതിപക്ഷവും ഭരണപക്ഷവും എന്തുകൊണ്ടാണ് ഇത്ര വിദ്വേഷത്തോടെ പെരുമാറുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘എന്റെ അഭിപ്രായത്തില്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി പ്രവേശനത്തിന് ശേഷമാണ് കോണ്‍ഗ്രസിന്റെ പെരുമാറ്റത്തില്‍ മാറ്റംവന്നത്. ഇതിന് ശേഷം രാഷ്ട്രീയത്തിന്റെ നിലവാരം ഇടിഞ്ഞു’ അമിത് ഷാ പ്രതികരിച്ചു.
കഴിഞ്ഞ 20 വര്‍ഷമായുള്ള പാര്‍ലമെന്റ് ബഹിഷ്‌കരണത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. പാര്‍ലമെന്റില്‍ നിന്ന് പുറത്തുപോകാന്‍ അവര്‍ ഒഴികഴിവുകള്‍ കണ്ടെത്തുകയാണ്. നേരത്തെ, ബഹിഷ്‌കരണത്തിന് കാരണമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു, ആ ബഹിഷ്‌കരണം പോലും കുറച്ച് ദിവസങ്ങള്‍ മാത്രമായിരുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് പ്രധാനമന്ത്രി മറുപടി പറയുമ്പോള്‍ ഒന്നര മണിക്കൂര്‍ തുടര്‍ച്ചയായി അദ്ദേഹത്തെ തടസ്സപ്പെടുത്തുന്നതും ഞാന്‍ മുമ്പ് കണ്ടിട്ടില്ല. രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്തിന് ആ ജനവിധി നല്‍കിയതിനാലാണ് അദ്ദേഹം പ്രധാനമന്ത്രിയായത്, നിങ്ങള്‍ നരേന്ദ്രമോദിയെയല്ല, ഭരണഘടനാ സംവിധാനത്തെയാണ് അവഹേളിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതുകൊണ്ടാണ് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യുന്ന നടപടികളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ ആദ്യ അഞ്ച് ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ തങ്ങള്‍ സുരക്ഷിതമായ സീറ്റുകള്‍ സ്വന്തമാക്കിയെന്നും അമിത് ഷാ അവകാശപ്പെട്ടു. ‘സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ സീറ്റുകള്‍ ആദ്യ അഞ്ചുഘട്ടങ്ങളില്‍ നിന്നുതന്നെ ഞങ്ങള്‍ നേടിക്കഴിഞ്ഞു. ആറാം ഘട്ടം കണക്കാക്കാതെ 300-310 സീറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. ഞങ്ങള്‍ സുരക്ഷിതമായ സ്ഥാനത്താണുള്ളത്. പത്ത് വര്‍ഷത്തെ ട്രാക്ക് റെക്കോഡുമായി ശക്തമായ പോസിറ്റീവ് അജണ്ടയുമായിട്ടാണ് ഞങ്ങള്‍ ഇത്തവണ ജനങ്ങളെ സമീപിച്ചത്’ അമിത് ഷാ വ്യക്തമാക്കി.
What's Your Reaction?