മോദി ഗ്യാരണ്ടിയും അയോധ്യയും വീണുടഞ്ഞു. മോഡിയെ സ്വന്തം തട്ടകത്തില്‍തന്നെ വിറപ്പിച്ച് അജയ് റായ്
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതും, വാരണാസിയില്‍ വന്‍ വികസന പദ്ധതികള്‍ കൊണ്ടുവന്നതും, ഭൂരിപക്ഷം ഉയര്‍ത്തുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു മോഡിയും ബി.ജെ.പിയും തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് എന്തായാലും ഈ ദിവസം മറക്കാന്‍ കഴിയുകയില്ല. സ്വന്തം മണ്ഡലമായ വാരണസിയില്‍, ഒരു ഘട്ടത്തില്‍ പിന്നോട്ട് പോയത് മോദിയെ മാത്രമല്ല, ബി.ജെ.പി നേതൃത്വത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍, മൂന്നാം തവണയും അധികാരത്തില്‍ വരാന്‍ മോദിക്ക് കഴിഞ്ഞാലും, ബി.ജെ.പി കോട്ടകളില്‍ ഉള്‍പ്പെടെ, വലിയ പ്രതിരോധം തീര്‍ക്കാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് എന്തായാലും സാധിച്ചിട്ടുണ്ട്. നാലേമുക്കാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ക്ക്, 2019-ല്‍ മോദി വിജയിച്ച ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ ഉരുക്കുകോട്ടയായ വാരണസിയില്‍, മോഡിയെ വിറപ്പിച്ചത് ഇന്ത്യാ സഖ്യം സ്ഥാനാര്‍ത്ഥിയായ അജയ് റായിയാണ് .
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍, മോഡിയെ പിന്നിലാക്കിയാണ്, അജയ് റായി മുന്നിട്ട് നിന്നിരുന്നത്. ഒരു ഘട്ടത്തിലും മോഡി പിന്നില്‍പോകാതിരുന്ന സുരക്ഷിതമണ്ഡലത്തിലാണ്, ഈ ഞെട്ടിക്കുന്ന മുന്നേറ്റം പ്രതിപക്ഷ സഖ്യം നടത്തിയിരിക്കുന്നത്. മോഡിയുടെ ഗ്യാരണ്ടി എന്ന മുദ്രാവാക്യം ഉയര്‍ത്തി, 400 സീറ്റിലധികം പിടിച്ച് മൂന്നാം വട്ടവും ഭരണം പിടിക്കുമെന്നു പ്രഖ്യാപിച്ച മോഡിയെ, സ്വന്തം തട്ടകത്തില്‍തന്നെ വിറപ്പിച്ചാണ് അജയ് റായ് താരമായിരിക്കുന്നത്. ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ അംഗമായി സ്‌കൂള്‍ കാലഘട്ടത്തിലാണ് അജയ് റായ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. വാരാണസിയിലെ കാശി വിദ്യാപീഠത്തിലെ ബിരുദധാരിയാണ് റായ്. വിദ്യാര്‍ത്ഥിയായിരിക്കെ, 1991-92 കാലഘട്ടത്തില്‍ എബിവിപി കണ്‍വീനറുമായിരുന്നു.
1996ലും 2002ലും 2007ലും, യുപിയിലെ കോലാസ്ല, അതായത് ഇന്നത്തെ പിന്ദ്ര നിയമസഭാ സീറ്റില്‍, ബിജെപി ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചു അജയ് റായി, മൂന്ന് വട്ടം ബിജെപി എംഎല്‍എ ആയിട്ടുണ്ട്. 2002ല്‍ മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി-ബിജെപി സഖ്യ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍, സഹകരണ മന്ത്രിയായും പ്രവര്‍ത്തിച്ചു. 2009ല്‍ ബിജെപി വിട്ട അജയ് റായ്, അതേ വര്‍ഷം തന്നെ സമാജ്വാദി പാര്‍ട്ടിയിലേക്കാണ് ചേക്കേറിയിരുന്നത്. പക്ഷേ ബിജെപിയിലുണ്ടായിരുന്ന വിജയം അവിടെ അദ്ദേഹത്തെ തുണച്ചിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുരളി മനോഹര്‍ ജോഷിയോട് മത്സരിച്ചും, അജയ് റായ് പരാജയപ്പെട്ടു. 2012ല്‍ എസ്പി വിട്ട് കോണ്‍ഗ്രസിലെത്തിയ അജയ് റായി, പിന്ദ്ര മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്. എന്നാല്‍ തുടര്‍ന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും, പിന്ദ്രയില്‍ അജയ് റായിക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
2009-തില്‍, മുരളീമനോഹര്‍ ജോഷി വിജയിച്ച വാരണസിയില്‍, ജോഷിക്ക് സീറ്റ് നല്‍കാതെയാണ് മോഡിയെത്തിയിരുന്നത്. സാക്ഷാല്‍ അരവിന്ദ് കെജ്രിവാള്‍ മോഡിയെ എതിരിടാനെത്തിയിട്ടും, 3,71,784 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് മോഡി ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നത്. അന്ന് അജയ് റായിക്ക് 75,614 വോട്ടുമായി മൂന്നാം സ്ഥാനമാണ് ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയായി താരത്തിളക്കത്തോടെ 2019ല്‍ മോദി വീണ്ടും മത്സരിച്ചപ്പോള്‍, ഭൂരിപക്ഷം 4,79,505 വോട്ടായി കുത്തനെയാണ് ഉയര്‍ന്നിരുന്നത്. അന്ന് സഖ്യമില്ലാതെ എസ്.പിയും കോണ്‍ഗ്രസും തനിച്ചായിരുന്നു മത്സരിച്ചിരുന്നത്. ആ തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയ എസ്.പിയിലെ ശാലിനി യാദവ് 1,95,159 വോട്ടുകള്‍ നേടിയപ്പോള്‍, കോണ്‍ഗ്രസിലെ അജയ് റായ് 1,52,548 വോട്ടുമായി 14.38 ശതമാനം വോട്ടുപിടിച്ചും കരുത്തുകാട്ടിയിട്ടുണ്ട്. ഇത്തവണ ഇന്ത്യാ സഖ്യത്തില്‍ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് അജയ് റായ് മോഡിയെ നേരിട്ടിരിക്കുന്നത്. മുന്‍പ് വാരാണസിയില്‍എം.പി വരെ ഉണ്ടായിരുന്ന സി.പി.എമ്മും അജയ് റായിക്കാണ് പിന്തുണ നല്‍കിയിരുന്നത്. ഇതും, ചെറുതായാണെങ്കില്‍ പോലും മോദിയെ ഞെട്ടിക്കാന്‍, അജയ് റായിക്ക് സഹായകരമായി മാറിയിട്ടുണ്ട്.
What's Your Reaction?