സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ച; പ്രതി ഉഡുപ്പിയില്‍ നിന്ന് പിടിയില്‍
ജോഷിയുടെ കൊച്ചി പനമ്പളളി നഗറിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ, വജ്രാഭരണങ്ങളും വാച്ചുകളും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു.
കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കും. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ജോഷിയുടെ കൊച്ചി പനമ്പളളി നഗറിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ, വജ്രാഭരണങ്ങളും വാച്ചുകളും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. വീടിന്റെ പിന്നാമ്പുറത്തെത്തിയ മോഷ്ടാവ് ജനലിന്റെ സ്ലൈഡിങ് ഡോര്‍ തകര്‍ത്താണ് അകത്തുകടന്നത്. ജോഷിയുടെ വീടിനെക്കുറിച്ച് ഉള്‍പ്പെടെ ഇയാള്‍ക്ക് വിവരം ലഭിക്കാന്‍ തക്കവിധത്തില്‍ പ്രാദേശിക സഹായം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തെണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
തുടര്‍ന്ന് അകത്തെ മുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും വജ്ര നെക്ലേസുകളും അടക്കമുളളവ എടുത്തുകൊണ്ടുപോയി. മറ്റൊരു മുറിയില്‍ നിന്ന് കുറച്ച് പണവും മോഷ്ടിച്ചു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കവര്‍ച്ചയ്ക്ക് പിന്നില്‍ കേരളത്തിന് പുറത്ത് നിന്നുള്ളവരാണോ ഒന്നില്‍ കൂടുതല്‍ പേര്‍ കൃത്യത്തിന് പിന്നിലുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്.
What's Your Reaction?