കേരള സര്‍വകലാശാലയെ സമൂഹത്തിന് മുന്നില്‍ അപമാനിക്കാനുള്ള നീക്കത്തില്‍ നിന്ന് ചാന്‍സലര്‍ പിന്മാറണം; ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

പ്രോ- ചാന്‍സിലര്‍ സെനറ്റില്‍ ചെയര്‍ ചെയ്തത് നിയമപ്രകാരമാണ്. ചാന്‍സലര്‍ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരിക്കുകയും പ്രോ- ചാന്‍സിലര്‍ പങ്കെടുക്കുകയും ചെയ്യുമ്പോള്‍ യോഗം ചെയര്‍ ചെയ്യാന്‍ പ്രോ-ചാന്‍സിലര്‍ക്ക് അവകാശമുണ്ട്.

Feb 18, 2024 - 16:12
 0  10
കേരള സര്‍വകലാശാലയെ സമൂഹത്തിന് മുന്നില്‍ അപമാനിക്കാനുള്ള നീക്കത്തില്‍ നിന്ന് ചാന്‍സലര്‍ പിന്മാറണം;  ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍
arif muhammed khan
കേരള സര്‍വകലാശാലയെ സമൂഹത്തിന് മുന്നില്‍ അപമാനിക്കാനുള്ള നീക്കത്തില്‍ നിന്ന് ചാന്‍സലര്‍ പിന്മാറണം;  ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. കേരള സര്‍വകലാശാലയെ സമൂഹത്തിന് മുന്നില്‍ അപമാനിക്കാനുള്ള നീക്കത്തില്‍ നിന്ന് ചാന്‍സലര്‍ പിന്മാറണം. നിയമപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റില്‍ പങ്കെടുക്കാനും ചാന്‍സിലറുടെ അഭാവത്തില്‍ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ട്. ചാന്‍സലര്‍ സര്‍വ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുതെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍.

കേരള സര്‍വകലാശാലയുടെ ചാന്‍സിലര്‍ ഉള്‍പ്പെടെയുള്ള പദവികളും ഭരണസംവിധാനങ്ങളും സര്‍വകലാശാല നിയമപ്രകാരമാണ് നിലവില്‍വന്നതെന്നും ചാന്‍സലര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ നിയമം ബാധകമാണെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അറിയിച്ചു. ചാന്‍സിലറും പ്രോ-ചാന്‍സിലറും സെനറ്റംഗങ്ങളാണ്. ചാന്‍സിലര്‍ സെനറ്റ് യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ വൈസ് ചാന്‍സിലറല്ല, ചാന്‍സിലറാണ് ചെയര്‍ ചെയ്യേണ്ടതെന്ന് സര്‍വകലാശാല ആക്റ്റ് വ്യക്തമാക്കുന്നു. കേരള സര്‍വകലാശാല ആക്ടിലെ ചാപ്റ്റര്‍ മൂന്നില്‍ 8(2) പ്രകാരം ചാന്‍സലറുടെ അഭാവത്തില്‍ ചാന്‍സലറുടെ എല്ലാ ഉത്തരവാദിത്തങ്ങളും പ്രോ-ചാന്‍സിലര്‍ക്ക് നിര്‍വ്വഹിക്കാം.

പ്രോ- ചാന്‍സിലര്‍ സെനറ്റില്‍ ചെയര്‍ ചെയ്തത് നിയമപ്രകാരമാണ്. ചാന്‍സലര്‍ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരിക്കുകയും പ്രോ- ചാന്‍സിലര്‍ പങ്കെടുക്കുകയും ചെയ്യുമ്പോള്‍ യോഗം ചെയര്‍ ചെയ്യാന്‍ പ്രോ-ചാന്‍സിലര്‍ക്ക് അവകാശമുണ്ട്. അതിനായി പ്രോ-ചാന്‍സിലറെ ആരും ചുമതലപ്പെടുത്തേണ്ടതില്ല. ആ അധികാരം ആക്റ്റില്‍ വ്യക്തമാണ്. വസ്തുത ഇതായിരിക്കെ ഈ വിഷയത്തിന്മേല്‍ തെറ്റായ കാര്യങ്ങളാണ് ചാന്‍സിലര്‍ പൊതുസമക്ഷം പറയുന്നത്. ഇതിലൂടെ സര്‍വ്വകലാശാലയാണ് അപമാനിക്കപ്പെടുന്നതെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കുറ്റപ്പെടുത്തി.

ചാന്‍സലര്‍ സര്‍വ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുത്. ചാന്‍സലര്‍ ആ പദവിയില്‍ നിയോഗിക്കപ്പെടുന്നത് നിയമസഭ പാസാക്കിയ ആക്റ്റ് പ്രകാരമാണ്. ചാന്‍സിലറും ഗവര്‍ണ്ണറും രണ്ടുവ്യത്യസ്ത ബഹുമാന്യപദവികളാണ്. ഒന്ന് ഭരണഘടനാ പദവി, മറ്റൊന്ന് ആക്റ്റ് മുഖാന്തിരമുള്ള പദവി. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന ഭരണഘടനാപരമായ അവകാശങ്ങളും ചില വിഷയങ്ങളിലെ അധികാരങ്ങളും ചാന്‍സിലര്‍ എന്ന പദവിയ്ക്ക് ഇല്ല. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ ചാന്‍സിലര്‍ പദവി ഗവര്‍ണര്‍ക്ക് അല്ല നല്‍കിയിരിക്കുന്നത്.

മറ്റുള്ളവരോട് സുപ്രീം കോടതി വിധിയെക്കുറിച്ചും കോടതി വിധി മാനിക്കണമെന്നും ചാന്‍സലര്‍ ഓര്‍മിപ്പിക്കാറുണ്ട്, എന്നാല്‍ ഇതേ ചാന്‍സലറോട് പഞ്ചാബ് ഗവര്‍ണറെ സംബന്ധിച്ച വിധി വായിക്കണം എന്ന് സുപ്രീം കോടതി ഓര്‍മ്മപ്പെടുത്തിയത് മറക്കരുത്. പുതിയ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ കേരള നിയമസഭ പാസാക്കിയ സര്‍വകലാശാല നിയമ ഭേദഗതി സമയബന്ധിതമായി അംഗീകരിക്കാന്‍ പോലും ഗവര്‍ണര്‍ തയാറായില്ല. ഇപ്പോള്‍ ആ നിയമ ഭേദഗതി രാഷ്ട്രപതിയുടെ പരിഗണനയിലാണ്. വസ്തുതകള്‍ ഇതായിരിക്കെ കേരള സര്‍വകലാശാലയെ സമൂഹത്തിന് മുന്നില്‍ അപമാനിക്കാനുള്ള നീക്കത്തില്‍ നിന്ന് ചാന്‍സിലര്‍ പിന്മാറണം.

നിയമപ്രകാരം സെനറ്റ് അംഗവും സര്‍വകലാശാലയുടെ പ്രോ-ചാന്‍സിലറുമായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റില്‍ പങ്കെടുക്കാനും ചാന്‍സിലറുടെ അഭാവത്തില്‍ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ട്. ഇത് സര്‍വകലാശാല നിയമപ്രകാരവുമാണ്. തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളില്‍ നിന്ന് ചാന്‍സലര്‍ പിന്മാറണമെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow