രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് മോദി സര്‍ക്കാര്‍; സീതാറാം യെച്ചൂരി
പഴയ കോണ്‍ഗ്രസുകാര്‍ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധാരാളമുണ്ട്. ഇനിയും കോണ്‍ഗ്രസ് നേതാക്കള്‍ വരുമെന്ന് ബിജെപിയ്ക്ക് അറിയാമെന്നും യെച്ചൂരി പറഞ്ഞു. ബിജെപി നയങ്ങളെ ശക്തമായി എതിര്‍ത്തത് സിപിഐഎമ്മാണ്.
കൊച്ചി: ഭരണഘടനയെ പതുക്കെപ്പതുക്കെ ബിജെപി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന് സീതാറാം യെച്ചൂരി. സാമൂഹിക നീതി, ഭരണഘടനാ സ്ഥാപനങ്ങള്‍, അന്വേഷണ ഏജന്‍സികള്‍ എല്ലാം തച്ചുടയ്ക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മതേതര ജനാധിപത്യം സംരക്ഷിക്കാന്‍, നമ്മളറിയുന്ന നമ്മുടെ ഇന്ത്യയെ നില നിര്‍ത്താന്‍ ബിജെപിയെ തോല്‍പിക്കണം. നമ്മുടെ കാലാവസ്ഥയെ പോലും വെറുതെ വിടാത്തതാണ് മോദിയുടെ നയങ്ങളെന്നും യെച്ചൂരി വിമര്‍ശിച്ചു.
ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ ജയിലില്‍ തിരിച്ചെത്തിച്ച നിയമ പേരാട്ടം നടത്തിയത് സിപിഐഎം ആണെന്നും കോണ്‍ഗ്രസ് എവിടെ ആയിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. മത ന്യൂനപക്ഷങ്ങള്‍ക്കായി ഏറ്റവും ശക്തമായി പോരാടുന്നത് ഇടതു പാര്‍ട്ടികളാണ്. കോണ്‍ഗ്രസ് അല്ല. ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളുമാണ് ബി ജെ പിയുടെ ഹിന്ദുത്വ ഭാരത സങ്കല്‍പത്തിലെ ആഭ്യന്തര ശത്രുക്കള്‍.
പഴയ കോണ്‍ഗ്രസുകാര്‍ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധാരാളമുണ്ട്. ഇനിയും കോണ്‍ഗ്രസ് നേതാക്കള്‍ വരുമെന്ന് ബിജെപിയ്ക്ക് അറിയാമെന്നും യെച്ചൂരി പറഞ്ഞു. ബിജെപി നയങ്ങളെ ശക്തമായി എതിര്‍ത്തത് സിപിഐഎമ്മാണ്. കോണ്‍ഗ്രസ് എവിടെയായിരുന്നു. രാജ്യത്തിന്റെ ആസ്തികളെല്ലാം കേന്ദ്രം വില്‍ക്കുകയാണ്, സ്വകാര്യ മേഖലക്ക് തീറെഴുതി കൊടുക്കുന്നു. കാടുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളം, എണ്ണ ഊര്‍ജ സ്രോതസ്സുകളെല്ലാം പ്രധാനമന്ത്രിയുടെ സ്‌നേഹിതരായ കോര്‍പറേറ്റുകള്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നു. സമ്പന്നര്‍ അതി സമ്പന്നരായി കൊണ്ടിരിക്കുന്നു.
വീട്ടകങ്ങളുടെ കടം കൂടി കൊണ്ടിരിക്കുന്നു, നിലനില്‍പിന് വേണ്ടിയുള്ള കടമെടുപ്പ് വലിയ സാമ്പത്തിക സാമൂഹിക പ്രശ്‌നകളിലേക്ക് പോവുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് മോദി സര്‍ക്കാര്‍. ഇലക്ടറല്‍ ബോണ്ടിന്റെ കാര്യം നോക്കൂ. ബോണ്ട് വേണ്ടെന്ന് പറഞ്ഞത് ഇടതു പാര്‍ട്ടികള്‍ മാത്രം, നിയമ പോരാട്ടത്തിനിറങ്ങിയതും ഇടതുപക്ഷം. ജനാധിപത്യത്തെ തകര്‍ക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്ന സര്‍ക്കാരാണിത്. കേരളത്തിന് അര്‍ഹമായ വിഹിതം നല്‍കാതെയും ഗവര്‍ണറെ ഉപയോഗിച്ചുമാണ് കേരളത്തിന് എതിരെയുളള കേന്ദ്ര നീക്കം. മോദിക്ക് കേരള സര്‍ക്കാരിനോട് മൃദു സമീപനമെന്ന് ആക്ഷേപിക്കുന്നവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
What's Your Reaction?