'ഒപ്പം താമസിച്ച യുവാവുമായി അകന്നു, ജോലിക്ക് പോകാൻ കുഞ്ഞ് തടസ്സം’,പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ശിൽപയെ റിമാൻഡ് ചെയ്തു
ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന അജ്മലും ശിൽപയും കുറച്ചുകാലമായി അകന്നു താമസിക്കുകയായിരുന്നു.
പതിനൊന്നു മാസം പ്രായമുള്ള ശിഖന്യ എന്ന പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ ശിൽപയെ (29) റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ശിൽപയെ റിമാൻഡ് ചെയ്തത്. കോടതി നടപടികൾ പൂർത്തിയാക്കിയശേഷം ശിൽപയെ പാലക്കാട് ജില്ലാ ജയിലിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് ആലപ്പുഴ മാവേലിക്കരയിലായതിനാൽ മാവേലിക്കര പൊലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാവേലിക്കരയിലെ വാടക വീട്ടിൽ വച്ചാണ് കുറ്റകൃത്യം നടന്നത്.
ശനിയാഴ്ച പുലർച്ചെ മാവേലിക്കരയിലെ വാടകവീട്ടിൽ വച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. കോട്ടയം കാഞ്ഞിരം കണിയംപത്തിൽ ശിൽപയുടെയും പാലക്കാട് ഷൊർണൂർ സ്വദേശി അജ്മലിന്‍റെയും മകളാണ് കൊല്ലപ്പെട്ട ശിഖന്യ. ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന അജ്മലും ശിൽപയും കുറച്ചുകാലമായി അകന്നു താമസിക്കുകയായിരുന്നു. ജോലിക്കു പോകുന്നതിനു കുഞ്ഞ് തടസ്സമാകുന്നതിനാലാണു കൊലപ്പെടുത്തിയതെന്നാണു ശിൽപ മൊഴി നൽകിയത്.
What's Your Reaction?