സ്വര്‍ണം പണയം വച്ചാലും ഇനി 20,000 രൂപയില്‍ അധികം 'കയ്യില്‍' കിട്ടില്ല; റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനമിങ്ങനെ
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആദായനികുതി നിയമപ്രകാരം വായ്പാ ദാതാക്കള്‍ക്ക് 20,000 രൂപയില്‍ അധികം പണമായി നല്‍കുന്നതിന് വിലക്കുണ്ട്. എന്നാല്‍ എന്‍ബിഎഫ്‌സികള്‍ ഇതു കൃത്യമായി പാലിക്കാറില്ല.
അത്യാവശ്യത്തിനു അല്‍പം സ്വര്‍ണം പണയം വച്ച് വായ്പ എടുക്കാന്‍ ചെന്നാല്‍ ഇനി 20,000 രൂപയിലധികം പണമായി കയ്യില്‍ കിട്ടില്ല. വായ്പകള്‍ക്കെല്ലാം 20,000 രൂപ എന്ന കാഷ് പരിധി കര്‍ശനമായി പാലിക്കണമെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്‌സി) ഉത്തരവു നല്‍കിയതോടെയാണിത്.
എന്നാല്‍ 20,000 രൂപയ്ക്ക് മേല്‍ അനുവദിക്കുന്ന തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നല്‍കുന്നതില്‍ തടസമില്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആദായനികുതി നിയമപ്രകാരം വായ്പാ ദാതാക്കള്‍ക്ക് 20,000 രൂപയില്‍ അധികം പണമായി നല്‍കുന്നതിന് വിലക്കുണ്ട്. എന്നാല്‍ എന്‍ബിഎഫ്‌സികള്‍ ഇതു കൃത്യമായി പാലിക്കാറില്ല. എല്ലാ വായ്പകള്‍ക്കും 20,000 രൂപ എന്ന ഈ പരിധി ബാധകമാണെങ്കിലും സ്വര്‍ണപ്പണയ വായ്പാരംഗത്താകും ഏറ്റവും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുക. കാരണം സ്വര്‍ണപ്പണയ വായ്പയില്‍ വലിയ തുകകള്‍ പണമായി തന്നെ പല സ്ഥാപനങ്ങളും നല്‍കാറുണ്ടത്രേ. ആദായനികുതി നടപടികള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാമെന്ന സര്‍ട്ടിഫിക്കറ്റില്‍ ഉപഭോക്താക്കളെ കൊണ്ട് ഒപ്പിട്ടു മേടിച്ചുകൊണ്ട് ഉയര്‍ന്ന തുകകള്‍ കാഷായി തന്നെ ചില എന്‍ബിഎഫ്‌സികള്‍ നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ധനകാര്യ സേവന രംഗത്തെ പല നിയമങ്ങളും തെറ്റിച്ചതിന്റെ പേരില്‍ ഐഐഎഫ്എല്ലിനു എതിരെ എടുത്ത നടപടികളുടെ ഭാഗമാണ് ആര്‍ബിഐ കത്ത് നല്‍കിയത്. എന്തായാലും കേരളം ആസ്ഥാനമായി രാജ്യമെമ്പാടും സ്വര്‍ണ വായ്പ നല്‍കുന്ന മുത്തൂറ്റ്, മണപ്പുറം ഗ്രൂപ്പിലെ എന്‍ബിഎഫ്‌സികള്‍ക്ക് അടക്കം ആര്‍ബിഐ ഇക്കാര്യത്തില്‍ കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം രാജ്യത്ത് ഡിജിറ്റല്‍ മണി ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണിതെന്നും പറയപ്പെടുന്നു. എന്തായാലും വായ്പ എടുക്കാന്‍ ചെല്ലുന്ന സാധാരണക്കാര്‍ക്കും അത്യാവശ്യത്തിനു പണം കയ്യില്‍ കിട്ടില്ല എന്നതു തലവേദന ആകും
What's Your Reaction?