‘വന്യജീവി പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ല’: രാഹുല്‍ഗാന്ധി
സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലാതെ പോയതിനാലാണ് തനിക്ക് ഇവിടെ വരേണ്ടി വന്നത്.
വയനാട്: വന്യജീവി പ്രശ്‌നങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളുമായി കൂടി സഹകരിച്ച് പരിഹാര മാര്‍ഗങ്ങള്‍ തേടാമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. വയനാട്ടില്‍ സൗകര്യങ്ങളോട് കൂടിയ മെഡിക്കല്‍ കോളേജെന്ന ആവശ്യം ഗൗരവകരമാണ്. സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് താന്‍ വന്നതെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും രാഹുല്‍ വിശദീകരിച്ചു. വന്യജീവി പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലാതെ പോയതിനാലാണ് തനിക്ക് ഇവിടെ വരേണ്ടി വന്നത്. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം വൈകരുത്. നഷ്ടപരിഹാര തുകയില്‍ കാലതാമസം വരുത്തുന്നത് ശരിയല്ലെന്നും രാഹുല്‍ ചുണ്ടിക്കാട്ടി.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. കണ്ണൂരില്‍ നിന്ന് റോഡുമാര്‍ഗം രാവിലെ ഏഴേ മുക്കാലോടെയാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തിയത്. മോഴ ആന ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുല്‍ ആദ്യമെത്തിയത്.
വന്യജീവി പ്രശ്‌നങ്ങള്‍ കുടുംബം രാഹുല്‍ ഗാന്ധിയോട് പങ്കുവെച്ചു. കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ വീടും കഴിഞ്ഞ ഡിസംബറില്‍ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീടും രാഹുല്‍ സന്ദര്‍ശിച്ചു. കല്‍പ്പറ്റയില്‍ പിഡബ്യൂഡി റസ്റ്റ് ഹൌസില്‍ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികള്‍ രാഹുല്‍ ഗാന്ധി വിലയിരുത്തി. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്.
What's Your Reaction?