രാഹുൽ സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടന്നു; സഹായിച്ച സുഹൃത്ത് കസ്റ്റഡിയിൽ
രാഹുൽ വിദേശത്തേക്ക് കടന്നു എന്ന സംശയത്തെ തുടർന്നായിരുന്നു ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയ
പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസ് പ്രതി രാഹുലിനെ ബംഗളൂരിലേക്ക് കടക്കാൻ സഹായിച്ച സുഹൃത്ത് കസ്റ്റഡിയിൽ. മങ്കാവ് സ്വദേശി പി.രാജേഷാണ് പിടിയിലായത്. രാഹുലിനെ രാജ്യം വിടാൻ ഇയാൾ സഹായിച്ചെന്ന് പൊലീസ് കണ്ടെത്തി. രാഹുൽ സിംഗപ്പൂർ വഴി ജർമനിയിൽ എത്തിയെന്ന് രാജേഷ് അന്വേഷണ സംഘത്തിന് മൊഴി നൽകി.
അതേസമയം രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി. രാഹുൽ വിദേശത്തേക്ക് കടന്നു എന്ന സംശയത്തെ തുടർന്നായിരുന്നു ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയത്. രാഹുലിന്റെ അമ്മയുടെയും, സഹോദരിയുടെയും മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.
പന്തീരങ്കാവ് സ്ത്രീധനപീഡനക്കേസിൽ ഭാര്യയെ തല്ലിയെന്ന് സമ്മതിച്ച് ഒളിവിൽ ഉള്ള പ്രതി രാഹുൽ രംഗത്തെത്തിയിരുന്നു. നാട്ടിൽ നിൽക്കാത്തത് ഭീഷണിയുള്ളത് കൊണ്ടാണെന്നും ഇയാൾ പറഞ്ഞു. തല്ലിയെന്നത് ശരിയാണെന്നും എന്നാൽ അത് സ്ത്രീധനം ചോദിച്ചല്ലെന്നും രാഹുൽ അവകാശപ്പെട്ടു. ജർമനിയിൽ ജോലി ചെയ്യുന്ന തനിക്കെന്തിനാണ് കാർ. തല്ലിയതിന് എന്ത് ശിക്ഷയും വാങ്ങാം. അതെവിടെ വന്ന് വേണമെങ്കിലും അംഗീകരിക്കാമെന്നും രാഹുൽ പറഞ്ഞു. എന്നാൽ, യുവതിയുടെ കുടുംബം അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നാണ് ഇയാളുടെ വാദം.
പ്രതി രാഹുൽ സ്വഭാവ വൈകൃതങ്ങളുള്ളയാളാണെന്ന് ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഇത് കാരണമാണ് വിവാഹത്തിൽ നിന്ന് പിൻമാറിയത്. കോട്ടയം പൂഞ്ഞാർ സ്വദേശിയായ പെൺകുട്ടിയുമായാണ് രാഹുലിൻ്റെ വിവാഹം ആദ്യം നിശ്ചയിച്ചിരുന്നത്. വിവാഹ നിശ്ചയത്തിന് ശേഷം അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും കുടുംബം ആരോപിച്ചു.
പെൺകുട്ടി ഫോൺ ഉപയോഗിക്കുന്നതിൽ പോലും രാഹുൽ ചോദ്യം ചെയ്തു. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും കുടുംബം വ്യക്തമാക്കി. രാഹുൽ പൂഞ്ഞാർ സ്വദേശിയായ യുവതിയുമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നതായി സഹോദരി മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ വർഷമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. എന്നാൽ രാഹുലിന്റെ അമിത കെയറിങ് കാരണമാണ് വിവാഹം മുടങ്ങിയതെന്നും സഹോദരി പറഞ്ഞു.
What's Your Reaction?