പ്രശ്നക്കാരെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം; ഗവര്‍ണര്‍ക്ക് മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനെക്കുറിച്ചും ഗവര്‍ണര്‍ പ്രതികരിച്ചു.
കോഴിക്കോട്: കഴിഞ്ഞ ദിവസം നടന്ന കേരളസര്‍വകലാശാല സെനറ്റ് യോഗത്തില്‍ ചിലര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കിയെന്ന ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി മന്ത്രി ആര്‍ ബിന്ദു. പ്രശ്നക്കാരെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് ആരാണെന്നത് എല്ലാവര്‍ക്കും അറിയാമെന്നും ആര്‍ ബിന്ദു പറഞ്ഞു.
സെനറ്റ് യോഗത്തില്‍ ചിലര്‍ മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കിയതായി അറിഞ്ഞുവെന്നും അത് ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നുമാണ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. പ്രശ്‌നം ഉണ്ടാക്കുന്നത് അവരുടെ രീതിയാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. കേരള സര്‍വകലാശാലയുടെ വിസി നിയമത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനെക്കുറിച്ചും ഗവര്‍ണര്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്ത് മുഖ്യമന്ത്രി സ്വന്തം പദവി സംരക്ഷിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ കേസുകളുടെ പിന്നാലെ നടക്കുന്നുണ്ടെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്.
What's Your Reaction?