ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മര്‍ദനം; പൊലീസ് എഫ്‌ഐആറില്‍ ഗുരുതര വെളിപ്പെടുത്തലുകള്‍
മെയ് 13 ന് രാവിലെ 9 മണിയോടെ അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലെ ഡ്രോയിംഗ് റൂമിലാണ് സംഭവം നടന്നതെന്ന് മുന്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി പറഞ്ഞു
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണും ആം ആദ്മി പാര്‍ട്ടി എംപിയുമായ സ്വാതി മലിവാളിന് എതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാര്‍ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട എഫ്ആര്‍ രേഖയില്‍ ബിഭവിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍. ഡല്‍ഹി പൊലീസിന് നല്‍കിയ മൊഴിയില്‍ ബിഭവ് ഏഴ്-എട്ട് തവണ മര്‍ദിച്ചതായും വയറിലും ഇടുപ്പിലും ശക്തിയില്‍ ചവിട്ടിയതായും ആരോപണമുണ്ട്. പിരിഡ്‌സ് ആണെന്ന് പറഞ്ഞ ശേഷവും മര്‍ദനം തുടര്‍ന്നുവെന്നും മൊഴിയിലുണ്ട്. സ്വാതി മാലിവാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തിരുന്നത്. അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വച്ച് ബിഭവ് മര്‍ദ്ദിച്ചു എന്നാണ് പരാതി.
മെയ് 13 ന് രാവിലെ 9 മണിയോടെ അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലെ ഡ്രോയിംഗ് റൂമിലാണ് സംഭവം നടന്നതെന്ന് മുന്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി പറഞ്ഞു. സംഭവ സമയത്ത് ഡല്‍ഹി മുഖ്യമന്ത്രി തന്റെ വസതിയില്‍ ഉണ്ടായിരുന്നുവെന്ന് മലിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍, എഫ്‌ഐആറില്‍ കെജ്രിവാളിന്റെ പേര് ഇത് വരെയും ഉള്‍പ്പെടുത്തിയിട്ടില്ല.ഡ്രോയിംഗ് റൂമില്‍ ഇരിക്കുകയായിരുന്ന ബിഭവ് കുമാര്‍ ഒരു പ്രകോപനവുമില്ലാതെ തന്നെ ചീത്തവിളിക്കാന്‍ തുടങ്ങുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് എഎപി എംപി പറഞ്ഞു. ‘ഞങ്ങള്‍ പറയുന്നത് കേള്‍ക്കാതിരിക്കുന്നതെങ്ങനെ? ഞങ്ങള്‍ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും’ ബിഭവ് പറഞ്ഞതായി മലിവാള്‍ പറഞ്ഞു.
What's Your Reaction?