അനു കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റവീനയും അറസ്റ്റില്‍
കുറ്റകൃത്യം നടത്തിയ സമയത്ത് മുജീബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോളാണ് അസ്വാഭാവികമായി ഒരു ബൈക്ക് കറങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടത്.
കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതകത്തില്‍ പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യയും അറസ്റ്റില്‍. മുജീബിന്റെ ഭാര്യ റവീനയാണ് അറസ്റ്റിലായത്. അനുവിന്റെ സ്വര്‍ണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീനയെന്ന് പൊലീസ് കണ്ടെത്തി. 1,43,000 രൂപയും ഇവരുടെ കൈയില്‍ നിന്ന് കണ്ടെടുത്തു. തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തിയാണ് റവീനയെ അറസ്റ്റ് ചെയ്തത്. അറുപതോളം കേസുകളില്‍ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്‌മാന്‍. പിടികൂടാന്‍ ശ്രമിക്കവെ മുജീബിന്റെ ആക്രമണത്തില്‍ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനിടെയായിരുന്നു പേരാമ്പ്ര സ്വദേശി അനുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
വാളൂര്‍ സ്വദേശി അനു(26)വിനെ മാര്‍ച്ച് 11നാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ തന്റെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ അനുവിനെ കാണാതായതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തി. പിന്നീട് ചൊവ്വാഴ്ച തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം അര്‍ദ്ധനഗ്‌നമായാണ് കിടന്നിരുന്നത്. മൃതദേഹത്തിലെ ആഭരണങ്ങളും കാണാതായിരുന്നു. ആളുകള്‍ അധികം സഞ്ചരിക്കാത്ത ഉള്‍ഭാഗത്തെ, മുട്ടുവരെ മാത്രം വെള്ളമുള്ള തോട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവിടെ മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നതിനെ തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നു. പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു. അനുവിന്റേത് കൊലപാതകമാണെന്ന സംശയമുയര്‍ന്നതിന് പിന്നാലെ സംഭവ സമയം പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കുറ്റകൃത്യം നടത്തിയ സമയത്ത് മുജീബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോളാണ് അസ്വാഭാവികമായി ഒരു ബൈക്ക് കറങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ബൈക്ക് മട്ടന്നൂര്‍ ഉള്ള ഒരാളുടേതാണെന്നും മോഷ്ടിച്ചതാണെന്ന് മനസ്സിലാക്കുകയായിരുന്നു. ഒരു സ്ഥലത്തും ഹെല്‍മറ്റ് അഴിക്കാതെ സിസിടിവി ക്യാമറകളില്‍ മുഖം വ്യക്തമാക്കാതെയായിരുന്നു പ്രതി സഞ്ചരിച്ചത്. പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ അങ്ങാടിക്ക് അടുത്ത് ബൈക്കും ഹെല്‍മറ്റും ജാക്കറ്റും ഉപേക്ഷിച്ച് കൊണ്ടോട്ടിയിലെ വീട്ടില്‍ മുജീബ് തിരിച്ചെത്തുകയായിരുന്നു.
ശാസ്ത്രീയ തെളിവുകളുടെയും സിസിടിവി ക്യാമറകളുടെയും സഹായത്തോടെ വീട്ടിലെത്തിയ അന്വേഷണ സംഘം പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. ക്രൂരമായാണ് മുജീബ് അനുവിനെ കൊലപ്പെടുത്തിയത്. മോഷ്ടിച്ച ബൈക്കിലെത്തിയ പ്രതി, അനുവിന് ലിഫ്റ്റ് കൊടുത്തു. വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടിതാഴ്ത്തിയാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയതോടെ സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. മലപ്പുറത്തെ വീട്ടില്‍ വെച്ചാണ് പ്രതി പിടിയിലായത്. അനുവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ചുവന്ന ബൈക്കില്‍ ഒരാള്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം ആ വഴിക്ക് ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചത്.
What's Your Reaction?