‘ഗാസയിൽ തുടരുന്ന വംശഹത്യ’; പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ രാജിവെച്ചു
ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിച്ചാലുടൻ പുതിയ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
പലസ്തീനിൽ ഇസ്രയേൽ തുടരുന്ന കൂട്ടവംശഹത്യയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മുഹമ്മദ് ഇഷ്തയ്യ. രാജിക്കത്ത് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കൈമാറിയതായും തന്റെ കീഴിലുള്ള സർക്കാർ പിരിച്ച് വിട്ടതായും അദ്ദേഹം അറിയിച്ചു. ഗാസയിലെ വംശഹത്യയും അധിനിവേശ വെസ്റ്റ് ബാങ്കിലെ ആക്രമണവുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് ഇഷ്തയ്യയുടെ പ്രതികരണം. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണമുള്ള പലസ്തീൻ അതോറിറ്റി സർക്കാരിന്റെ തലവനായിരുന്നു ഇഷ്തയ്യ.
വെസ്റ്റ് ബാങ്കിലും ജറുസലേമിലും നടക്കുന്ന അഭൂതപൂർവമായ സാഹചര്യങ്ങൾ കണക്കിലെടുത്തും ഗാസ മുനമ്പിലെ നിലയ്ക്കാത്ത സംഘർഷത്തിന്റെയും വംശഹത്യയുടെയും പട്ടിണിയുടെയും പശ്ചാത്തലത്തിലുമാണ് രാജിവെക്കാനുള്ള തീരുമാനം, ഇഷ്തയ്യ പറഞ്ഞു. ഈ വെല്ലുവിളികളെ അതിജീവിച്ച് തീരുമാനമെടുക്കാൻ കഴിവുള്ള പുതിയ സർക്കാർ രൂപീകരിക്കേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
പലസ്തീൻ അതോറിറ്റിയെ ഇളക്കിമറിക്കാനും പലസ്തീൻ ഇസ്രയേൽ സംഘർഷത്തെ തുടർന്ന് രാജ്യത്തിന്റെ ഭരണം കാര്യക്ഷമമായ ഒരു രാഷ്ട്രീയ ഘടനയുടെ കീഴിൽ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിക്കാനും അബ്ബാസിന്മേൽ അമേരിക്കൻ സമ്മർദ്ദം വർധിക്കുന്നതിനിടയിലാണ് മുഹമ്മദ് ഇഷ്തയ്യ രാജി സമർപ്പിക്കുന്നത്. അതേസമയം അബ്ബാസിൻ്റെ കീഴിലുള്ള പലസ്തീൻ അതോറിറ്റിയുടെ ആഹ്വാനങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പലതവണ നിരസിച്ചിരുന്നു.
അക്കാദമിക് സാമ്പത്തിക വിദഗ്ധനായ മുഹമ്മദ് ഇഷ്തയ്യ 2019 ലായിരുന്നു പലസ്തീനിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. 30 വർഷം മുമ്പ് ഇടക്കാല ഓസ്‌ലോ സമാധാന ഉടമ്പടി പ്രകാരം രൂപീകരിച്ച പലസ്തീനിയൻ അതോറിറ്റി, അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ ചില ഭാഗങ്ങളിൽ പരിമിതമായ ഭരണം നടത്തുന്നുണ്ടെങ്കിലും 2007-ൽ ഹമാസുമായുള്ള മത്സരത്തെത്തുടർന്ന് ഗാസയിൽ അധികാരം നഷ്ടപ്പെട്ടു. നിലവില്‍ ഗാസ പൂർണമായും ഹമാസിന്റെ കൈവശമാണ്. പലസ്തീന്‍ അതോറിറ്റിയെ നിയന്ത്രിക്കുന്ന ഫത്താഹും ഹമാസും ഒരു ഏകീകൃത ഗവൺമെൻ്റുമായി ബന്ധപ്പെട്ട് ധാരണയിലെത്താനുള്ള ശ്രമങ്ങൾ നടത്തുന്നതായുള്ള സൂചന ശക്തമാണ്. സുരക്ഷാ കാരണങ്ങളാൽ ഗാസയുടെ മേൽ പലസ്തീൻ അതോറിറ്റിയുടെ ഭരണം അംഗീകരിക്കില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 29,606 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 69,737 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
What's Your Reaction?