മഹുവയ്ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരം; സിബിഐ കേസെടുത്ത് അന്വേഷിക്കണമെന്ന് ലോക്പാല്‍
കേസില്‍ സിബിഐയുടെ അന്വേഷണം തുടരുന്നതിനിടെയാണ് നിർദേശം.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന മഹുവ മൊയ്ത്രയ്ക്ക് എതിരെ സിബിഐ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ലോക്പാല്‍. പാര്‍ലമെന്റിലെ ചോദ്യത്തിന് കോഴ ആരോപണത്തിലാണ് അഴിമതി വിരുദ്ധ നിരീക്ഷകരായ ലോക്പാലിന്റെ ഇടപെടല്‍. മൊയ്ത്രയ്ക്കെതിരായ ‘ആരോപണങ്ങളുടെ എല്ലാ വശങ്ങളിലും’ പരിശോധിക്കാനും ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുമാണ് ലോക്പാല്‍ ഉത്തരവ്. അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് എല്ലാ മാസവും ഫയല്‍ ചെയ്യണമെന്നും ലോക്പാല്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഹുവയ്ക്ക് എതിരായ ആരോപണങ്ങളും വസ്തുകളും സൂക്ഷമായി പരിശോധിക്കണം. ഇനിയൊരു സംശയത്തിന് ഇടവരുത്തരുത്. മൊയ്ത്രയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഭൂരിഭാഗവും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. അവര്‍ വഹിക്കുന്ന സ്ഥാനത്തെ അപേക്ഷിച്ച് വളരെ ഇക്കാര്യം വലിയ ഗൗരവം അര്‍ഹിക്കുന്നുണ്ട്. അതിനാല്‍ സത്യം പുറത്തുവരാന്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും ലോക്പാല്‍ ഉത്തരവില്‍ പറയുന്നു.
കേസില്‍ സിബിഐയുടെ അന്വേഷണം തുടരുന്നതിനിടെയാണ് നിർദേശം. വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചതായി ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് മഹുവയുടെ എംപി സ്ഥാനം റദ്ദാക്കിയിരുന്നു. നിലവിലെ അന്വേഷണവും ലോക്പാലിന്റെ നിർദേശപ്രകാരമാണ്. സാമ്പത്തിക ലാഭത്തിന് വേണ്ടി ദേശീയസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പെരുമാറിയെന്ന ഗുരുതര ആരോപണവും ബിജെപി എംപി നടത്തിയിരുന്നു.
പാർലമെൻ്റ് അംഗമെന്ന നിലയിൽ തൻ്റെ ഇമെയിൽ ഐഡിയും ലോഗിൻ വിശദാംശങ്ങളും മറ്റൊരാൾക്ക് കൈമാറിയിരുന്നുവെന്നും മഹുവയ്‌ക്കെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഇത് മഹുവ സമ്മതിച്ചു. ഇങ്ങനെ ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യാൻ ലോഗിൻ പലർക്കും നൽകുന്നത് ഒരു സാധാരണ രീതിയാണെന്നും മഹുവ പറഞ്ഞിരുന്നു. പാർലമെന്റ് എത്തിക്സ് കമ്മിറ്റിയായിരുന്നു മഹുവയ്‌ക്കെതിരായ കൈക്കൂലി ആരോപണങ്ങൾ അന്വേഷിച്ചത്. സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ മഹുവയെ പുറത്താക്കാൻ ശിപാർശ ചെയ്തതും എത്തിക്സ് കമ്മിറ്റി ആയിരുന്നു.
ഡിസംബറിലാണ് മഹുവയെ പാർലമെന്റിൽനിന്ന് പുറത്താക്കുന്നത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടത്താതെയാണ് നടപടി എടുത്തതെന്ന് മഹുവ അന്നുതന്നെ പറഞ്ഞിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ചതിനെ പേരിൽ താൻ വേട്ടയാടപ്പെടുത്തായാണെന്നായിരുന്നു മഹുവയുടെ പ്രതികരണം.
What's Your Reaction?