ആര്‍ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഇംപോസിഷന്‍
പരാതി നല്‍കാതിരിക്കാന്‍ എന്തുവേണമെന്ന് ചോദിച്ച ഡ്രൈവറോട് ഇംപോസിഷന്‍ എഴുതാനാണ് യാത്രക്കാരന്‍ ആവശ്യപ്പെട്ടത്.
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലെ സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്‍. പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറിനാണ് പണി കിട്ടിയത്. എംസി റോഡില്‍ വാളകം എംഎല്‍എ ജംഗ്ഷനിലാണ് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കോട്ടയത്തേക്കുള്ള ബസില്‍ തിരക്കില്ലായിരുന്നുവെങ്കിലും ബസ് നിര്‍ത്താതെ പോവുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ ആരാണെന്ന് അറിയാന്‍ യാത്രക്കാരന്‍ ഡിപ്പോയിലേക്ക് വിളിച്ചു. രാത്രിയോടെ ഡ്രൈവര്‍ യാത്രക്കാരനെ തിരിച്ചുവിളിക്കുകയായിരുന്നു.
എറണാകുളത്ത് നിന്നും ഒരാഴ്ച മുമ്പാണ് പത്തനംതിട്ടയിലെത്തിയതെന്നും എംഎല്‍എ ജംഗ്ഷനില്‍ സ്റ്റോപ്പുള്ളത് അറിയില്ലെന്നുമാണ് ഡ്രൈവര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ വകുപ്പ് മന്ത്രിയുടെ നാട്ടില്‍ മുന്‍മന്ത്രി കൂടിയായ ആര്‍ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്റ്റോപ്പ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടതല്ലെ എന്ന് യാത്രക്കാരന്‍ ചോദിച്ചു.
പരാതി നല്‍കാതിരിക്കാന്‍ എന്തുവേണമെന്ന് ചോദിച്ച ഡ്രൈവറോട് ഇംപോസിഷന്‍ എഴുതാനാണ് യാത്രക്കാരന്‍ ആവശ്യപ്പെട്ടത്. വാളകം എംഎല്‍എ ജംഗ്ഷനില്‍ സൂപ്പര്‍ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ എഴുതി വാട്സ്ആപ്പില്‍ ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു. അധികം വൈകാതെ തന്നെ ‘ഇംപോസിഷന്‍’ വാട്സ്ആപ്പിലെത്തുകയും ചെയ്തു.
What's Your Reaction?