തനിക്കെതിരെ നടപടി സ്വീകരിച്ചു; കൊന്നത് ഒറ്റയ്ക്ക്; സത്യനാഥിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് സിപിഎം പ്രവർത്തകൻ
കൊയിലാണ്ടി സിപിഎമ്മിനുള്ളില്‍ ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇതില്‍ സത്യനാഥ് അഭിലാഷിനെതിരെ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.
കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവിരോധമെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രതിയും മുന്‍ സിപിഎം പ്രവര്‍ത്തകനുമായ അഭിലാഷ് കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്ന് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥിനെ അഭിലാഷ് വെട്ടിക്കൊലപ്പെടുത്തിയത്.
കൊയിലാണ്ടി സിപിഎമ്മിനുള്ളില്‍ ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇതില്‍ സത്യനാഥ് അഭിലാഷിനെതിരെ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്. കൃത്യം നടത്താന്‍ ഏതാനും നാളുകള്‍ക്ക് മുന്‍പേ അഭിലാഷ് തീരുമാനിച്ചിരുന്നു. ഇത് ഇന്നലെ നടപ്പിലാക്കുകയായിരുന്നു. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അഭിലാഷ് മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
സത്യനാഥിന്റെ അയല്‍വാസി ആണ് അഭിലാഷ്. സംഭവത്തില്‍ അഭിലാഷിനെ കൂടുതല്‍ ചോദ്യം ചെയ്യും. ഇതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ക്ഷേത്രോത്സവത്തിനിടെ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സത്യനാഥിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഗാനമേള നടക്കുന്നതിനിടെ മഴുവുമായി എത്തിയ അഭിലാഷ് സത്യനാഥിനെ വെട്ടുകയായിരുന്നു. ശരീരത്തില്‍ ആഴത്തിലുള്ള നാലിലധികം വെട്ടുകള്‍ സത്യനാഥിനേറ്റു. ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സത്യനാഥിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താലാണ്.
What's Your Reaction?