പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയ വിധി സ്വാഗതം ചെയ്യുന്നു; വധശിക്ഷ ആവശ്യപ്പെട്ട് അപ്പീല്‍ പോകുന്നത് ഉള്‍പ്പെടെ ആലോചിക്കുമെന്നും ഗൂഢാലോചന ഇനിയും പുറത്തു വരാനുണ്ടെന്നും കെ കെ രമ
ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നതില്‍ ഇന്നലെയും വാദം നടന്നിരുന്നു. നിപരാധികളെന്നും ശിക്ഷ ഇളവ് നല്‍കണമെന്നും പ്രതികള്‍ വാദിച്ചു.
കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയ വിധി സ്വാഗതം ചെയ്യുന്നുവെന്ന് ചന്ദ്രശേഖരന്റെ ഭാര്യയു എംഎല്‍എയുമായ കെ കെ രമ. വധശിക്ഷ ആവശ്യപ്പെട്ട് അപ്പീല്‍ പോകുന്നത് ഉള്‍പ്പെടെ ആലോചിക്കുമെന്നും ഗൂഢാലോചന ഇനിയും പുറത്തു വരാനുണ്ടെന്നും കെ കെ രമ പറഞ്ഞു. നിയമപോരാട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും കെ കെ രമ നന്ദി അറിയിച്ചു.ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇന്നലെയും ഇന്നും വാദം കേട്ടു. ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തി. 20 വര്‍ഷം ഇവര്‍ക്ക് ശിക്ഷാ ഇളവോ പരോളോ ഉണ്ടാവില്ല.
ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നതില്‍ ഇന്നലെയും വാദം നടന്നിരുന്നു. നിപരാധികളെന്നും ശിക്ഷ ഇളവ് നല്‍കണമെന്നും പ്രതികള്‍ വാദിച്ചു. ആരോഗ്യപ്രശ്നങ്ങളും പ്രതികള്‍ ഹൈക്കോടതിയെ അറിയിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, വധശിക്ഷ നല്‍കരുതെന്നും ഒന്നാം പ്രതി എം സി അനൂപ് ആവശ്യപ്പെട്ടു. 80 വയസായ അമ്മ മാത്രമേയുള്ളൂ, ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് കിര്‍മ്മാണി മനോജും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കൊടി സുനിയും ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു.
രാഷ്ട്രീയ കൊലപാതകം നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നേരെയുള്ള വെല്ലുവിളിയാണ് രാഷ്ട്രീയ കൊലപാതകം. വാടകക്കൊലയാളികളെ വെച്ചുള്ള കൊലപാതകമാണ്. എന്തുകൊണ്ട് വധശിക്ഷ നല്‍കിക്കൂടെന്നു ചോദിച്ച ഹൈക്കോടതി പ്രതികള്‍ പരിവര്‍ത്തനത്തിന് തയ്യാറാണോയെന്നും ആരാഞ്ഞു.
തെളിവുകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന വിധിയല്ല വിചാരണ കോടതിയില്‍ നിന്ന് ഉണ്ടായതെന്നും എല്ലാ തെളിവുകളും പരിഗണിച്ച് വധശിക്ഷ നല്‍കണമെന്നും കെ കെ രമയുടെ അഭിഭാഷകന്‍ വാദിച്ചു. പ്രോസിക്യൂട്ടര്‍ നടത്തിയത് രാഷ്ട്രീയ പ്രസംഗം ആണെന്നും ശിക്ഷ ഉയര്‍ത്തുന്നതില്‍ മതിയായ കാരണമില്ലെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം. ശിക്ഷ ഉയര്‍ത്താന്‍ ശക്തമായ കാരണം വേണം. ഈ കേസില്‍ അത്തരം കാരണം ഇല്ല. ജീവപര്യന്തം വധശിക്ഷയായി ഉയര്‍ത്തുന്നത് അപൂര്‍വമാണ് അതിന് ശക്തമായ കാരണം വേണം. ഇത് ആദ്യ രാഷ്ട്രീയ കൊലപാതകം അല്ലെന്നും പ്രതിഭാഗം വാദിച്ചു.
ശിക്ഷ ഉയര്‍ത്താനുള്ള സാഹചര്യം എന്തെന്ന് വിശദീകരിക്കാന്‍ പ്രോസിക്യൂട്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ട് പ്രതികള്‍ക്ക് അനുകൂല ഘടകങ്ങള്‍ ആണെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്‍ വധശിക്ഷ നല്‍കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ പക്ഷം. പ്രോബേഷണറി ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും പ്രതികള്‍ക്ക് മാനസിക പരിവര്‍ത്തന സാധ്യത ഇല്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ടികെ രജീഷിനെതിരെ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനൂപിനെതിരെയും കേസ് എടുത്തിട്ടുണ്ടെന്നും പരോളില്‍ ഇറങ്ങിയപ്പോള്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായിയെന്നും പ്രോസിക്യൂഷന്‍ ചൂണ്ടി കാണിച്ചു.
പ്രതികള്‍ക്ക് നല്‍കിയ ജീവപര്യന്തം തടവുശിക്ഷ അപര്യാപ്തമാണെന്നും നീതി ലഭിക്കാന്‍ വധശിക്ഷയാണ് ഉചിതമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മറ്റ് കേസുകളില്‍ നിന്ന് വ്യത്യസ്തമാണ് ടിപി കേസ്. സാധാരണ കൊലപാതക കേസല്ല ഇത്. ആര് കൊന്നു, എന്തിന് കൊന്നു എന്നതാണ് പ്രധാനം. വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലപാതകം നടത്തിയത്. ആശയം മാറിയതിനുള്ള കൊലപാതകമാണെന്നും ഇതിന് ന്യായീകരണമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഒന്നാം പ്രതിയായ എംസി അനൂപ്, രണ്ടാം പ്രതി കിര്‍മ്മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടികെ രജീഷ് , അഞ്ചാം പ്രതി കെ കെ മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവര്‍. ആറാം പ്രതി അണ്ണന്‍ സിജിത്ത്, എട്ടാം പ്രതി കെ സി രാമചന്ദ്രന്‍, പത്താം പ്രതി കെകെ കൃഷ്ണന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജന്‍, പന്ത്രണ്ടാം പ്രതി ജ്യോതിബാബു എന്നിവര്‍ ജീവപര്യന്തം ശിക്ഷയും അനുഭവിക്കണം. കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയ്ക്ക് ഏഴരലക്ഷം രൂപയും മകന്‍ അഭിനന്ദിന് അഞ്ച് ലക്ഷം രൂപയും പ്രതികള്‍ പിഴയായി നല്‍കണം.
What's Your Reaction?