കാറിനുള്ളില്‍ കുടുംബം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; നാല് കോടിയോളം രൂപയുടെ കടബാധ്യതയെന്ന് സൂചന
ഇവര്‍ക്ക് നാലു കോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കാഞ്ഞിരത്തുംമൂട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
കുമളി: കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ കടബാധ്യതയെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. കാറിന്റെ സമീപത്തുനിന്ന് കീടനാശിനി കുപ്പി ലഭിച്ചു. മൂവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ പുതുപ്പറമ്പില്‍ ജോര്‍ജ് പി സ്‌കറിയ (60), ഭാര്യ മേഴ്സി (58), മകന്‍ അഖില്‍ (29) എന്നിവരെയാണ് ഇന്നു രാവിലെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ക്ക് നാലു കോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കാഞ്ഞിരത്തുംമൂട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇവര്‍ക്ക് അവിടെ തുണിക്കടയുണ്ടായിരുന്നു. സാമ്പത്തിക ബാധ്യത കാരണം കട പൂട്ടി. പിന്നീട് കുടുംബം തോട്ടയ്ക്കാട് വാടക വീട്ടില്‍ താമസമാക്കി. മൂന്നു ദിവസമായി ഈ വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കടബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാണെന്ന് കരുതുന്നു. ഇവരെ കാണാതായതായി പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ഈ പരാതിയില്‍ മിസ്സിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൂവരേയും മരിച്ച നിലയില്‍ കണ്ടത്. അഖിലിന്റെ പേരിലുള്ള കാറിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഇളയ മകന്‍ നിഖില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തോട്ടില്‍ വീണ് മരിച്ചിരുന്നു.
What's Your Reaction?