വ്യോമഗതാഗതത്തിനുള്ള നിയന്ത്രണം റദ്ദാക്കി ഇറാൻ
ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ ഇറാൻ വ്യോമഗതാഗതം നിർത്തിവെച്ചിരുന്നു. ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കാണ് ഗതാഗതം നിർത്തിവെച്ചത്.
ടെഹ്റാൻ: ഇറാനിൽ വ്യോമഗതാഗതത്തിനുള്ള നിയന്ത്രണം റദ്ദാക്കി. വ്യോമഗതാഗതം സാധാരണനിലയിലായതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി നിയന്ത്രണങ്ങൾ നീക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ടെഹ്‌റാനിലെ പ്രധാന ആഭ്യന്തര വിമാനത്താവളമായ മെഹ്‌റാബാദിൽ വിമാനങ്ങൾ സാധാരണ നിലയിലായതായും റിപ്പോർട്ടുണ്ട്.
ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ ഇറാൻ വ്യോമഗതാഗതം നിർത്തിവെച്ചിരുന്നു. ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കാണ് ഗതാഗതം നിർത്തിവെച്ചത്. ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതിരോധം.
സിറിയയിലെ ഇറാൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിൽ ഡ്രോൺ ആക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇസ്രായേൽ മിസൈലുകൾ ഇറാനിൽ പതിച്ചതെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രബിന്ദുവായ നതാൻസ് ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ സൈറ്റുകൾ ഇസ്ഫഹാൻ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.
അതേ സമയം ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസോ പെന്റഗണോ തയ്യാറായിട്ടില്ല. ഇറാന്റെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ തിരിച്ചടിയുണ്ടാവുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ഇറാൻ ആക്രമിച്ചാൽ ഇസ്രയേലിനെ തങ്ങൾ പിന്തുണക്കുമെന്നാണ് യുഎസ് നിലപാട്.
What's Your Reaction?