ജോലിക്കായി പോയ ഇന്ത്യാക്കാര്‍ റഷ്യയില്‍ യുദ്ധമേഖലയില്‍ കുടുങ്ങിയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെക്കുറിച്ച് വിവരമില്ലെന്ന് ഇവര്‍ പറയുന്നു. ഇവരിലൊരാള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് സൂചനയുണ്ട്.

Feb 23, 2024 - 23:27
 0  7
ജോലിക്കായി പോയ ഇന്ത്യാക്കാര്‍ റഷ്യയില്‍ യുദ്ധമേഖലയില്‍ കുടുങ്ങിയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം
ജോലിക്കായി പോയ ഇന്ത്യാക്കാര്‍ റഷ്യയില്‍ യുദ്ധമേഖലയില്‍ കുടുങ്ങിയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: ജോലി തേടി പോയ ഇന്ത്യാക്കാര്‍ റഷ്യയിലെ യുദ്ധമേഖലയില്‍ കുടുങ്ങിയെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇവരുടെ മോചനത്തിനായി ഇടപെടുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യാക്കാരെ വാഗ്‌നര്‍ സേനയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നതായും വിദേശകാര്യ മന്ത്രാലയത്തിന് വിവരം ലഭിച്ചു. 12 ഇന്ത്യക്കാരാണ് റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

റഷ്യയില്‍ സെക്യൂരിറ്റി ജോലിക്ക് വന്നതാണെന്നും യുദ്ധത്തില്‍ പങ്കെടുക്കാനല്ല വന്നതെന്നും എങ്ങനെയെങ്കിലും രക്ഷിച്ച് തിരിച്ചെത്തിക്കണമെന്നുമാണ് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അഫ്‌സാന്‍ പുറത്തുവിട്ട വീഡിയോ ദൃശ്യത്തില്‍ പറഞ്ഞത്. ഇത് പോലെ 11 യുവാക്കള്‍ കൂടി ഹാര്‍കീവ്, ഡോണെട്‌സ്‌ക് എന്നിങ്ങനെ പല മേഖലകളിലായി കുടുങ്ങി. തെലങ്കാനയില്‍ നിന്നും കശ്മീരില്‍ നിന്നും രണ്ട് പേരും, കര്‍ണാടകയില്‍ നിന്ന് മൂന്ന് പേരും, ഗുജറാത്തില്‍ നിന്നും യുപിയില്‍ നിന്നും ഓരോ ആള്‍ വീതവും കുടുങ്ങിക്കിടക്കുന്നു എന്നാണ് വിവരം.

സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെക്കുറിച്ച് വിവരമില്ലെന്ന് ഇവര്‍ പറയുന്നു. ഇവരിലൊരാള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് സൂചനയുണ്ട്. അതിലും സ്ഥിരീകരണമില്ല. ബാബാ ബ്ലോഗ്‌സ് എന്ന പേരില്‍ യൂട്യൂബില്‍ വ്‌ളോഗ് ചെയ്യുന്ന ഫൈസല്‍ ഖാന്‍ വഴിയാണ് ഇവര്‍ ജോലിക്ക് അപേക്ഷിച്ചത്. മുംബൈ സ്വദേശികളായ സൂഫിയാന്‍, പൂജ എന്നിവരാണ് ഇടനില നിന്നത്. റഷ്യയിലെത്തിയ ഇവര്‍ക്ക് കിട്ടിയത് ആയുധ പരിശീലനമാണ്. പിന്നാലെ യുദ്ധമുഖത്തേക്ക് പോകാന്‍ നിര്‍ദേശം കിട്ടി. ഇതോടെയാണ് ഇവര്‍ നാട്ടിലേക്ക് സന്ദേശമയച്ചത്. സര്‍ക്കാര്‍ ഉടനടി ഇടപെടണമെന്ന് കാട്ടി ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി വിദേശകാര്യമന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

അനിശ്ചിതമായി നീളുന്ന യുക്രൈന്‍ യുദ്ധത്തിന് സൈനികരില്ലാതെ പൊറുതിമുട്ടുകയാണ് റഷ്യ. ഉടമയായ യവ്‌ജെനി പ്രിഗോഴിന്‍ കൊല്ലപ്പെട്ടതോടെ വാഗ്‌നര്‍ ഗ്രൂപ്പ് നിലവില്‍ പുടിന്റെ നിയന്ത്രണത്തിലാണ്. യുദ്ധത്തിനായി ലോകമെമ്പാടും നിന്ന് ആളുകളെ കൂലിപ്പട്ടാളത്തിലേക്ക് ഇറക്കുമതി ചെയ്യുകയാണ് പുടിനെന്ന ആരോപണം ഉയരുകയാണ്. അപ്പോഴാണ് പരാതിയുമായി ഇന്ത്യന്‍ യുവാക്കളും രംഗത്തെത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow