‘കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പ്രസ്താവന അംഗീകരിക്കാനാകില്ല’; പ്രതിഷേധമറിയിച്ച് ഇന്ത്യ
അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചു കഴിഞ്ഞുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പരസ്പര ബഹുമാനമാണ് ബന്ധങ്ങളെ ഊഷ്മളമാക്കുന്നത്.
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധം അറിയിച്ചതായും ഇന്ത്യ. ഭരണഘടന സ്ഥാപനങ്ങളും, അന്വേഷണ ഏജന്‍സികളും രാജ്യത്തിന്റെ അഭിമാനമാണ്. തികഞ്ഞ ജനാധിപത്യ ബോധത്തോടെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിയമം അനുസരിച്ചാണ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികള്‍ മുന്‍പോട്ട് പോകുന്നത്.
അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചു കഴിഞ്ഞുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പരസ്പര ബഹുമാനമാണ് ബന്ധങ്ങളെ ഊഷ്മളമാക്കുന്നത്. ഇത്തരം ബാഹ്യ ഇടപെടല്‍ ബന്ധങ്ങളെ മോശമാക്കും. ഇത്തരം പ്രസ്താവനകള്‍ ഉഭയകക്ഷിബന്ധങ്ങള്‍ക്ക് വെല്ലുവിളിയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം നിരീക്ഷിക്കുന്നുവെന്നും നിയമ നടപടികള്‍ സുതാര്യവും നിഷ്പക്ഷവും സമയബന്ധിതവുമാകണമെന്നുമായിരുന്നു അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലറുടെ പ്രസ്താവന.
അമേരിക്കയുടെ മുന്‍ പ്രതികരണത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ നിലപാടിനെ ഇന്ത്യ എതിര്‍ക്കേണ്ട കാര്യമില്ലെന്നും മില്ലര്‍ വ്യക്തമാക്കി. അറസ്റ്റില്‍ പ്രതികരിച്ച ജര്‍മ്മനിയോടും ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചു എന്ന കോണ്‍ഗ്രസ് പരാതിയെക്കുറിച്ചും അറിയാമെന്ന് അമേരിക്ക വ്യക്തമാക്കി.
What's Your Reaction?