എക്‌സാലോജികിന്റെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം; 8 കമ്പനികളിൽ നിന്ന് കൂടി വൻ തുക വാങ്ങിയതായി തെളിവുകൾ; കുരുക്ക് കൂടുതൽ മുറുകും
മറ്റ് കമ്പനികളിൽ നിന്നും എക്‌സാലോജിക് മാസം തോറും പണം കൈപറ്റിയതായി എസ്എഫ്‌ഐഒ കർണാടക ഹൈക്കോടതിയെ അറിയിച്ചിരുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിനായ എക്‌സാലോജികിന്റെ അനധികൃത ഇടപാടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സിഎംആർഎൽ കൂടാതെ, മറ്റ് കമ്പനികളിൽ നിന്നും എക്‌സാലോജിക് പണം കൈപറ്റിയതായാണ് കണ്ടെത്തൽ. ഈ ഇടപാടുകളെ കുറിച്ച് എസ്എഫ്‌ഐഒ അന്വേഷണം വ്യാപിപ്പിച്ചു. എക്‌സാലോജിക് തുടങ്ങിയത് മുതൽ ഇടപാടുകൾ നടത്തിയ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളാണ് എസ്എഫ്‌ഐഒ അന്വേഷിക്കുന്നത്. സിഎംആർഎൽ കൂടാതെ മറ്റ് എട്ട് കമ്പനികളുമായും എക്‌സാലോജിക് വൻ തുകയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഈ കമ്പനികളുടെ വിവരങ്ങൾ പരാതിക്കാരനായ ഷോൺ ജോർജ് എസ്എഫ്‌ഐഒയ്ക്ക് കൈമാറി.
മറ്റ് കമ്പനികളിൽ നിന്നും എക്‌സാലോജിക് മാസം തോറും പണം കൈപറ്റിയതായി എസ്എഫ്‌ഐഒ കർണാടക ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ കമ്പനികളെ കുറിച്ചുള്ള വിശദ വിവരങ്ങളും എത്ര രൂപയുടെ പണമിടപാടുകൾ നടന്നിരുന്നു എന്നതിനെ കുറിച്ചും കൂടുതൽ അന്വേഷിേക്കണ്ടതുണ്ടെന്ന് കോടതിയിൽ അന്വേഷണ സംഘം അറിയിച്ചിരുന്നു. ഈ വിവരങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ ഉടമ ശശിന്ദ്രൻ കർത്ത സിഇഒ ആയിട്ടുള്ള എംപവർ ഇന്ത്യ കാപ്പിറ്റൽ ഇവെസ്റ്റ്‌മെന്റ്‌സിൽ നിന്നും എക്‌സാലോജിക് 2015 മുതൽ 2019 വരെയുള്ള കാലയളവിൽ 77.6 ലക്ഷം രൂപ ഈട് കൂടാതെ വായ്പയെടുത്തതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 2016- 17 കാലയളവിൽ നടത്തിയ 37 ലക്ഷത്തിന്റെ ഇടപാടുകളിൽ 25 ലക്ഷത്തിന്റെ കണക്കുകൾ മാത്രമേ എക്‌സാലോജികിന്റെ അക്കൗണ്ട് രേഖകളിലുള്ളൂ. ബാക്കി ഇടപാടുകളെ കുറിച്ചുള്ള രേഖകൾ നൽകാനായി എസ്എഫ്‌ഐഒ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ രേഖകൾ കൈമാറാൻ എക്‌സാലോജിക് തയ്യാറായിട്ടില്ല.
സിഎംആർഎല്ലുമായുള്ള എക്‌സാലോജികിന്റെ മൂന്ന് വർഷത്തെ ഇടപടുകൾ പരിശോധിക്കാനാണ് ആദായവകുപ്പിന്റെ നിർദേശമെങ്കിലും കൂടുതൽ ദുരൂഹതകൾ പുറത്തുവന്നതോടെ ഇരു കമ്പനികളും തമ്മിൽ നടത്തിയ മുഴുവൻ ഇടപാടുകളും എസ്എഫ്‌ഐഒ ഇഴകീറി പരിശോധിച്ച് തുടങ്ങിയിരിക്കുകയാണ്. 2016 മുതൽ 22 വരെയുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്. 2017ൽ 75 കോടിയുടെ നഷ്ടത്തിലായിരുന്ന സിഎംആർഎൽ പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷമാണ് വൻ ലാഭത്തിലേക്ക് എത്തിയതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. 4 വർഷത്തിനിടെ സിഎംആർഎൽ 56 കോടിയുടെ ലാഭത്തിൽ എത്തിയത് കരിമണലിൽ നിന്നുള്ള അസംസ്‌കൃത വസ്തുവായ ഇൽമെനൈറ്റ് വളരെ കുറഞ്ഞ വിലയിൽ സർക്കാർ ലഭ്യമാക്കിയത് മൂലമാണ്. ഈ കണക്കിൽ സർക്കാരിന് ഉണ്ടായത് കോടിക്കണക്ക് രൂപയുടെ നഷ്ടമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
What's Your Reaction?