അരവിന്ദ് കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹര്‍ജി തള്ളി
ഗവര്‍ണറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കും.
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയായി തുടരുന്നതിന് കെജ്‌രിവാളിന് നിയമപരമായ എന്ത് തടസമാണ് ഉള്ളതെന്ന് ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു.
മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഹര്‍ജി തള്ളിയത്. ഇത് സംബന്ധിച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി. മുഖ്യമന്ത്രി ജയിലിലാകുന്നത് ഭരണഘടന പ്രതിസന്ധിയാകുമെന്നാണ് നിയമോപദേശം. ഇഡി കസ്റ്റഡിയില്‍ കഴിയുന്ന കെജ്രിവാള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ ബിജെപി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം, കെജ്‌രിവാളിനെ ഇന്ന് റൗസ് അവന്യു കോടതിയില്‍ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ് കെജ്‌രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്. മദ്യനയ കേസിലെ സത്യം കെജ്‌രിവാള്‍ കോടതിയില്‍ വ്യക്തമാക്കും എന്നാണ് ഭാര്യ സുനിത ഇന്നലെ പറഞ്ഞത്.
What's Your Reaction?