ക്രിസ്ത്യന്‍ സമുദായത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; തനിക്കെതിരെ ബിജെപി കുപ്രചരണം നടത്തുന്നുവെന്ന് അനന്യ
കൊല്‍ക്കത്ത: ക്രിസ്ത്യന്‍ സമുദായത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനന്യ ബാനര്‍ജി. തന്റെ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം ഉപയോഗിച്ച് ബിജെപി കുപ്രാചരണം നടത്തുകയാണെന്നും അവര്‍ ആരോപിച്ചു. തിങ്കളാഴ്ച കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് അനന്യ ബാനര്‍ജിയുടെ വിവാദ പരാമര്‍ശമുണ്ടായത്. പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്തു.
ഒരു സമുദായത്തെയും മതത്തെയും വ്രണപ്പെടുത്തുക എന്നതല്ല തന്റെ ഉദ്ദേശം. പ്രസംഗം ആരംഭിക്കുന്നതിന് മുമ്പ് ഇത് ആരുമായും ബന്ധപ്പെട്ടതല്ലെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. ഒരു കഥയാണ് പറഞ്ഞത്. അജ്ഞാതമായ ഏതോ പാശ്ചാത്യ രാജ്യത്തെക്കുറിച്ചായിരുന്നു സംസാരിച്ചത്. നമ്മുടെ രാജ്യത്തെക്കുറിച്ചല്ല പറഞ്ഞത്. എന്റെ പ്രസംഗം 16 മിനിറ്റായിരുന്നു. അതിലെ ഭാഗം മാത്രമാണ് ബിജെപി ട്വീറ്റ് ചെയ്ത് പ്രചരണം നടത്തുന്നത്. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാണ്. തന്റെ പരാമര്‍ശം ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ടിഎംസി കൗണ്‍സിലര്‍ പറഞ്ഞു. അതേസമയം, അനന്യയുടെ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനത്തിന് കാരണമായി. കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കിം പരാമര്‍ശത്തെ അപലപിക്കുകയും വിശദീകരണം തേടുകയും ചെയ്തു.
ബജറ്റിന്മേലുള്ള ചര്‍ച്ചയ്ക്കിടെ കൗണ്‍സിലര്‍ അനന്യ ബാനര്‍ജി ഒരു പ്രത്യേക സമുദായത്തെക്കുറിച്ച് കുറച്ച് പരാമര്‍ശങ്ങള്‍ നടത്തി. അത്തരം പരാമര്‍ശങ്ങളെ അപലപിക്കുന്നു. പാര്‍ട്ടി അവരുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു. ബഹുമാന്യരായ പിതാക്കന്മാരെയും കന്യാസ്ത്രീകളെയും കൗണ്‍സിലര്‍ എന്തിനാണ് അവളുടെ പ്രസംഗത്തില്‍ വലിച്ചിഴച്ചതെന്നും ക്രിസ്ത്യന്‍ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ടിഎംസിക്ക് ആരാണ് അധികാരം നല്‍കിയതെന്നും ഈ കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.
What's Your Reaction?