മേയര്‍-ഡ്രൈവര്‍ തര്‍ക്കം: മെമ്മറികാര്‍ഡ് നഷ്ടപ്പെട്ടത് മോഷണക്കേസെന്ന് മന്ത്രി,പൊലീസില്‍ പരാതി നല്‍കി
മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ പൊലീസില്‍ അന്ന് തന്നെ സിഎംഡി പരാതി കൊടുത്തു. പരാതിയിന്മേല്‍ അന്വേഷണം നടക്കുന്നുണ്ട്. പൊലീസിന്റെ മറുപടി കിട്ടിയ ശേഷം മറ്റുവിവരങ്ങള്‍ വ്യക്തമാക്കാമെന്നും മന്ത്രി പ്രതികരിച്ചു. പൊലീസിന് മാത്രമേ മോഷണം അന്വേഷിക്കാനാകൂ.
തിരുവനന്തപുരം: മേയര്‍- ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ട സംഭവം കെഎസ്ആര്‍ടിസിയുടെ അന്വേഷണത്തില്‍ കണ്ടെത്താനാകില്ല. അതൊരു മോഷണക്കേസാണ്. മോഷണക്കേസ് അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസിക്ക് സംവിധാനമില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ പൊലീസില്‍ അന്ന് തന്നെ സിഎംഡി പരാതി കൊടുത്തു. പരാതിയിന്മേല്‍ അന്വേഷണം നടക്കുന്നുണ്ട്. പൊലീസിന്റെ മറുപടി കിട്ടിയ ശേഷം മറ്റുവിവരങ്ങള്‍ വ്യക്തമാക്കാമെന്നും മന്ത്രി പ്രതികരിച്ചു. പൊലീസിന് മാത്രമേ മോഷണം അന്വേഷിക്കാനാകൂ. പൊലീസ് കണ്ടുപിടിക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
വൈഫൈ ഉപയോഗിച്ച് ബസുകളിലെ ക്യാമറ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ഹെഡ് ഓഫീസിലേക്ക് വിഷ്വലുകള്‍ വരും. എന്ത് പരാതിയും നേരിട്ട് കാണാന്‍ കഴിയും. പുതിയ പ്രീമിയം ബസില്‍ ഇതിന്റെ ട്രയല്‍ നടത്തും. കെഎസ്ആര്‍ടിസിയില്‍ സുപ്പര്‍ കമ്പ്യൂട്ടറൈസേഷന്‍ നടപ്പാക്കും.
ബസ് തടഞ്ഞ് നിര്‍ത്തുകയോ, കൈകാര്യം ചെയ്യുകയോ ചെയ്യരുത്. കെഎസ്ആര്‍ടിസി ജീവനക്കാരെ അടിക്കരുത്. ജനങ്ങള്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ട. അത് ഗതാഗത വകുപ്പ് കൈകാര്യം ചെയ്യും. യാത്രക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ വീഡിയോ എടുത്ത് അയക്കാമെന്നും ഇതിനായി വാട്‌സ്ആപ്പ് നമ്പര്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി
What's Your Reaction?