റെമാൽ ചുഴലിക്കാറ്റ്; ബംഗ്ലാദേശിൽ 10 മരണം; എട്ടു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു
ധാക്ക: ബംഗ്ലാദേശിൽ റെമാൽ ചുഴലിക്കാറ്റിൽ 10 പേർ മരിച്ചു. ചുഴലിക്കാറ്റ് സാരമായി ബാധിച്ച ബരിഷാൽ, സത്ഖിര, പാട്ടുഖാലി, ഭോല, ചാട്ടോഗ്രാം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ചുഴലിക്കൊടുങ്കാറ്റ് 3.75 ദശലക്ഷം ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ട്. 35,483 വീടുകൾ ചുഴലിക്കാറ്റിൽ തകർന്നതായും 115,992 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
റെമാൽ ചുഴലിക്കാറ്റിൽ പശ്ചിമബംഗാളിൽ ആറ് പേരും മരിച്ചിരുന്നു. സെൻട്രൽ കൊൽക്കത്തയിലെ ബിബിർ ബഗാനിൽ ഞായറാഴ്ച വൈകുന്നേരം കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണാണ് ഒരാൾ മരിച്ചത്. സുന്ദർബൻസ് തുരുത്തിനോട് ചേർന്നുള്ള നംഖാനയ്ക്കടുത്തുള്ള മൗസുനി ദ്വീപിൽ കുടിലിന് മുകളിൽ മരം വീണ് ഒരു വൃദ്ധ മരിച്ചു. സൗത്ത് 24 പർഗാനാസിലെ മഹേഷ്‌തല സ്വദേശിയും നോർത്ത് 24 പർഗാനാസിലെ പാനിഹാട്ടിയിൽ നിന്നുള്ള മറ്റൊരാൾക്കും ജീവൻ നഷ്ടപ്പെട്ടു. പുർബ ബർധമാൻ ജില്ലയിലെ മെമാരിയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചതായും അധികൃതർ അറിയിച്ചു.
What's Your Reaction?