'സിപിഐക്ക് അവകാശപ്പെട്ട സീറ്റ് ’; രാജ്യസഭാ സീറ്റിൽ കടുത്ത നിലപാടുമായി സിപിഐ
കേരള കോൺഗ്രസിന്റെ കാര്യം തനിക്ക് അറിയില്ലെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം: രാജ്യ സഭാ സീറ്റ് പാർട്ടിക്ക് അർഹമായ സീറ്റാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രാജ്യസഭ സീറ്റ് ചർച്ചയിൽ കടുത്ത നിലപാടുമായി സിപിഐ. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ഇല്ലെന്നും സീറ്റ് ഒരു കാരണവശാലും വിട്ടുതരില്ലെന്നും സിപിഐ വ്യക്തമാക്കി. രാജ്യസഭാ സീറ്റ് സംബന്ധിച്ച് എൽഡിഎഫിൽ ധാരണ ആയില്ലെന്നും ആശയപരമായ ഒരു ചർച്ച പൂർത്തിയായി എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സീറ്റ് കിട്ടിയേ മതിയാകൂ. കേരള കോൺഗ്രസിന്റെ കാര്യം തനിക്ക് അറിയില്ലെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, മുന്നണിയുടെ കെട്ടുറപ്പിന് സഹകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് മുന്നണി വിടുമെന്ന ആശങ്കയും സിപിഎം പങ്കുവെച്ചു. അതിനിടെ, രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചർച്ച നടന്നുവെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. സീറ്റ് വേണമെന്ന ആവശ്യം സിപിഎം നേതാക്കൾ കേട്ടു. എൽഡിഎഫിൽ ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്നും പുറത്താക്കിയ ശേഷമെടുത്ത രാഷ്ട്രീയ തീരുമാനമാണ് എൽഡിഎഫിൽ ചേരുകയെന്നത്. അതിൽ ഒരു മാറ്റവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ പരാജയങ്ങൾ വരും. അതനുസരിച്ച് മുന്നണി മാറാൻ കഴിയുമോയെന്നും ജോസ് കെ മാണി ചോദിച്ചു.
What's Your Reaction?